എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കിടെ ആന ഇടഞ്ഞു
![](https://irinjalakuda.news/wp-content/uploads/2025/02/ANA-EDANJU-1024x1417.jpg)
എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കിടെ ആന ഇടയുന്നു.
ഇരിങ്ങാലക്കുട: എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കിടെ ആന ഇടഞ്ഞു. രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ ആറാട്ട് കടവില്‍ നിന്നും ആറാട്ട് കഴിഞ്ഞ് അടുത്ത് തന്നെയുള്ള ക്ഷേത്രത്തിലേക്ക് മടങ്ങുന്ന വഴിയാണ് തടത്താവിള ശിവ എന്ന ആന ഇടഞ്ഞത്. തിടമ്പ് ഏറ്റിയ ശേഷമാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ കുത്താന്‍ ശ്രമിച്ചെങ്കിലും പാപ്പാന് ഓടി മാറുകയായിരുന്നു. തുടര്‍ന്ന് ആന അടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ഓടിക്കയറി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. പറമ്പിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ അടുത്ത് എത്തിയപ്പോള്‍ ആനപ്പുറത്ത് ഉണ്ടായിരുന്ന മിഥുന് തിരുമേനി കെട്ടിടത്തിന്റെ മുകളിലേക്ക് ചാടി രക്ഷപ്പെട്ടു.
സമീപത്തെ വീടിന്റെ വിവരമറിഞ്ഞ് തൃശ്ശൂരില്‍ നിന്നും എത്തിയ എലിഫെന്റ് സ്ക്വാഡിന്റെ നിയന്ത്രണത്തില്‍ പന്ത്രണ്ട് മണിയോടെയാണ് ആനയെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയത്. ആന ഇടഞ്ഞതിനെ തുടര്‍ന്നുള്ള പരിഭ്രാന്തിയില്‍ ഓടുന്നതിനിടയില്‍ രണ്ട് പേര് വീണെങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് ദേവസ്വം ഓഫീസര്‍ പറഞ്ഞു. ഇടഞ്ഞ ആന പറമ്പിലെ രണ്ട് കവുങ്ങുകളും ഒരു തെങ്ങിന് തൈയും മറച്ചിട്ടിട്ടുണ്ട്. ഉത്സവ നടത്തിപ്പ് ക്ഷേത്ര ഭരണസമിതിക്കാണെങ്കിലും ആനകളെ ലഭ്യമാക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലാണ്. ഏജന്റ് മുഖേനയാണ് ആനകളെ എത്തിക്കാറുള്ളതെന്നും ഇന്നലെ പുലര്‍ച്ചയാണ് ആനയെ എത്തിച്ചതെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. ആന ഇടഞ്ഞ ഉടന്‍ തന്നെ കാട്ടൂര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു.
![](https://irinjalakuda.news/wp-content/uploads/2025/02/ana-edanju-1024x457.jpeg)