134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
134 വരഷത്തിനുശേഷം കേരളത്തില്‍നിന്ന് കണ്ടെത്തിയ പുതിയ മൂങ്ങവലച്ചിറകന്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ കേരളത്തില്‍ നിന്ന് പുതിയൊരു മൂങ്ങവലച്ചിറകനെ കണ്ടെത്തി. മിര്‍മെലിയോണ്ടിഡേ കുടുംബത്തില്‍പ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓര്‍ഡറിലാണ് ഉള്‍പ്പെടുന്നത്. പ്രോട്ടിഡ്രിസെറസ് ആല്‍ബോകാപിറ്റാറ്റസ് എന്നതാണ് ഈ ജീവജാതിക്ക് നല്കിയ പേര്. പശ്ചിമഘട്ട ജൈവവൈവിധ്യ ഹോട്ട്സ്പോട്ടിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നെടുങ്കയം വനപ്രദേശങ്ങളില്‍ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ ഇന്ത്യയില്‍ നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പ്രോട്ടിഡ്രിസെറസ് ജനുസ്സിലെ വെറും രണ്ടാമത്തെ മാത്രം ജീവജാതി ആണെന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് ഇതേ ജനുസ്സില്‍പ്പെട്ട ആദ്യ സ്പീഷീസ് ആയ പ്രോട്ടിഡ്രിസെറസ് എല്‍വെസിയെ 1891 ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മക്ലാക്ക്ലന്‍ ആണ് കണ്ടെത്തി വിവരിച്ചത്. അതിനാല്‍, ഈ പുതിയ രേഖപ്പെടുത്തല്‍ 134 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയിലെ പ്രോട്ടിഡ്രിസെറസ് ജനുസിന്റെ ചരിത്രത്തില്‍ മറ്റൊരു സുപ്രധാന കണ്ടെത്തലായാണ് പരിഗണിക്കപ്പെടുന്നത്. ആല്‍ബോകാപിറ്റാറ്റസ് എന്ന ജീവജാതിയുടെ പേര് ലാറ്റിന്‍ വാക്കുകളില്‍ നിന്നാണ് സ്വീകരിച്ചത്.
ആല്‍ബസ് അഥവാ വെളുപ്പ് എന്നര്‍ഥം വരുന്ന പദവും കാപിറ്റാറ്റസ് അഥവാ സ്പര്‍ശനിയുടെ അഗ്രഭാഗം എന്നിവയെ സൂചിപ്പിച്ചാണ് നാമകരണം. കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ അന്താരാഷ്ട്ര ശാസ്ത്ര മാസിക ആയ സൂടാക്സയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകനും, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോ.ടി.ബി. സൂര്യനാരായണന്, ക്രൈസ്റ്റ് കോളജിലെ അസിസ്റ്റന്റ് പ്രഫസറും എസ്ഇആര്‍എല്‍ മേധാവിയുമായ സി. ബിജോയ്, ഹംഗേറിയന്‍ ശാസ്ത്രജ്ഞന് ഡോ. ലെവിന്‍ഡി എബ്രഹാം, സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന് ഡോ. മുഹമ്മദ് ജാഫര്‍ പാലോട് എന്നിവര്‍ ആണ് കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
മൂങ്ങവലച്ചിറകനെ സാധാരണയായി കല്ലന്‍തുമ്പികളുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ നീളമേറിയ, മുന്നോട്ടു നീണ്ടു നില്ക്കുന്ന സവിശേഷ സ്പര്‍ശനികള്‍ ഉള്ളതു കാരണമാണ് ഇവ കല്ലന്‍തുമ്പികളില്‍ നിന്നും വ്യക്തമായി വേര്‍തിരിക്കുന്നത്. മുതിര്‍ന്ന മുങ്ങവലച്ചിറകന്മാര്ക്ക് വലിയ വിഭജിത കണ്ണുകളും സന്ധ്യാസമയങ്ങളില്‍ സജീവമാകുന്ന ശീലങ്ങളുമുണ്ട്്. അവിെ നിന്നാണ് മുങ്ങവലച്ചിറകന് എന്ന പൊതുനാമം വന്നത്. ഇവ ന്യൂറോപ്ടെറ ഓര്‍ഡറിലാണ് ഉള്‍പ്പെടുന്നത്. ഇവ പൂര്ണരൂപാന്തരത്തിലൂടെയാണു വളരുന്നത്. അതേസമയം, സാധാരണ ഇവയുമായി തെറ്റിദ്ധരിക്കപ്പെടുന്ന തുമ്പികള്‍ ഒഡോനാറ്റ ഓര്‍ഡറിലാണ് ഉള്‍പ്പെടുന്നത്. തുമ്പികള്‍ അപൂര്ണരൂപാന്തരത്തിലൂടെയാണ് വളരുന്നത്. കേരളത്തില്‍ കണ്ടെത്തിയ മൂങ്ങവലച്ചിറകന്റെ എണ്ണം ഇതോടെ അഞ്ച് ആയി.
ഇന്ത്യയിലെ ആകെ എണ്ണം 37 ആയി ഉയര്‍ന്നു. കൂടുതല്‍ കേന്ദ്രീകൃതമായ പഠനങ്ങള്‍ നടത്തി കഴിഞ്ഞാല്‍, പുതിയ ജീവജാതികളുടെ സാന്നിധ്യം ഇന്ത്യയില്‍ നിന്ന് പുറത്തുവരാനിടയുണ്ടെന്ന് ടി.ബി. സൂര്യനാരായണന് വ്യക്തമാക്കി. കൗണ്‍സില്‍ ഫോര്‍ സയന്തിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തില്‍ (എസ്ഇആര്‍എല്‍) ഇത്തരം ജീവികളുടെ ഗവേഷണത്തിനുമായി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.


ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി