ആശുപത്രിയില്‍ അതിക്രമം; ഡോക്ടറെയും നഴ്സിനെയും അസഭ്യം പറഞ്ഞു, ഉപകരണങ്ങള്‍ തകര്‍ത്തു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍
ഡെല്വിന് (32), സുജിത്ത് (22).
ആളൂര്‍: ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ രണ്ടുപേരെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആളൂര്‍ അരിക്കാട്ട് വീട്ടില്‍ ഡെല്വിന് (32), ആളൂര്‍ വയമേലി വീട്ടില്‍ സുജിത്ത് (22) എന്നിവരെയാണ് സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയാണ് പ്രതികള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഒരു ചെറിയ കുട്ടിക്ക് ഇന്ജക്ഷന് നല്‍കുന്നതിനിടെ തങ്ങളെ ആദ്യം പരിഗണിച്ചില്ലെന്നാരോപിച്ച് പ്രതികള്‍ പ്രകോപിതരാകുകയും നഴ്സിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു.
ബഹളം കേട്ട് സ്ഥലത്തെത്തിയ ഡ്യൂട്ടി ഡോക്ടര്‍ ചികിത്സയ്ക്കായി ഡ്രസിംഗ് റൂമിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ ഡോക്ടര്‍ക്കെതിരെയും അസഭ്യവര്‍ഷം നടത്തുകയായിരുന്നു. തുടര്‍ന്ന് അക്രമാസക്തരായ ഇരുവരും നഴ്സിംഗ് റൂമിലെ കസേരകള്‍ മറിച്ചിടുകയും മേശപ്പുറത്തുണ്ടായിരുന്ന മരുന്നുകളും ചികിത്സാ ഉപകരണങ്ങളും തട്ടിമറിക്കുകയും ചെയ്തു. ആശുപത്രി പ്രവര്‍ത്തനം കുറച്ചുസമയം തടസപ്പെടുകയും രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലാകുകയും ചെയ്തു. ഇതിനിടെ ഡോക്ടറുടെയും നഴ്സിന്റെയും ചിത്രങ്ങളും വീഡിയോകളും അവരുടെ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയുണ്ട്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആളൂര്‍ പോലീസ് ഉടന്‍ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ക്കു പുറമെ കേരള ഹെല്‍ത്ത്കെയര്‍ സര്‍വീസ് പേഴ്സണ്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും ചുമത്തി കേസെടുത്തു. അറസ്റ്റിലായ ഡെല്വിന് ആളൂര്‍, അരൂര്‍, കോട്ടയം റെയില്‍വേപോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഒരു പോക്സോ കേസ്, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസ്, ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയ കേസ്, മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ച നാല് കേസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ കെ.വി. ഹരിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാധ്യമ, യുവജന, രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
35 ലക്ഷം രൂപയുടെ പദ്ധതി; ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പതുമാസം
വയോജനങ്ങള്‍ക്ക് ഒരുമിച്ച് സ്നേഹവും കരുതലും; തലമുറകളെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍
കേശദാനം മഹാദാനം; കാന്‍സര്‍ രോഗികള്‍ക്ക് കരുതലായി കത്തീഡ്രല്‍ കെസിവൈഎം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം നിര്‍മിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോര്‍ഡ്