കുട്ടംകുളം സമരത്തിന് 80 വയസ്
കൂടല്‍മാണിക്യം ക്ഷേതരത്തിന്റെ കിഴക്കേ നടയ്ക്ക് സമീപമുള്ള കുട്ടംകുളവും ചരിത്രപ്രസിദ്ധമായ നടവഴിയും. ഈ വഴിയിലൂടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഞ്ചരിക്കാനുള്ള അവകാശം നേടിയെടുക്കാനായിരുന്നു 1946ലെ കുട്ടംകുളം സമരം.
അയിത്തത്തിനെതിരായ ഐതിഹാസിക പോരാട്ടത്തിന്റെ ഓര്‍മകളുമായി ഇരിങ്ങാലക്കുട
കൊച്ചി രാജ്യത്ത് ഒരു സമരത്തില്‍ ആദ്യമായി ബയണറ്റ് ഉപയോഗിക്കുന്നത് കുട്ടംകുളം സമരത്തിലാണ്
ഇരിങ്ങാലക്കുട: കേരളത്തിലെ നവോഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തിപകര്ന്നതും അയിത്തത്തിനെതിരായ പോരാട്ടചരിത്രത്തില്‍ തനതായ സ്ഥാനം നേടിയതുമായ കുട്ടംകുളം സമരത്തിന് ഇന്ന് എണ്‍പത് വര്‍ഷം പിന്നിടുന്നു. ജാതിവ്യവസ്ഥയ്ക്കും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരെ നടന്ന ഈ പോരാട്ടം ഇരിങ്ങാലക്കുടയുടെ സാമൂഹിക ചരിത്രത്തിലെ സുപ്രധാന അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്. കൂടല്‍മാണിക്യം ക്ഷേത്ര മതില്‍ക്കെട്ടിന് മുന്പില് മൂന്ന് ഏക്കറോളം വിസ്തൃതമായതാണ് കുട്ടംകുളം. ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് മാത്രമേ ഇതിനു സമീപത്തുള്ള വഴിയിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളുവെന്നും ഇതുവഴി അവര്‍ണര്‍ക്ക് സഞ്ചരിക്കാന്‍ അവകാശമില്ലെന്നും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ രാജകല്പനയുണ്ടായിരുന്നു. ഈ വഴിയിലൂടെ നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു കുട്ടംകുളം സമരം.

സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളന ഫണ്ട് പിരിക്കുന്നതിനായി കുറച്ചു യുവതികള്‍ ഇവിടെയെത്തിയപ്പോള്‍ ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇതില്‍ ക്ഷുഭിതരായ ഒരു സംഘം യുവാക്കള്‍ പിറ്റേന്ന് സൈക്കിളില്‍ ജാഥയായി കൂട്ടംകുളം റോഡില്‍ പ്രവേശിച്ചുവെങ്കിലും ഇവര്‍ക്കെതിരെ കയ്യേറ്റം നടന്നു. എന്‍.പി. വേലായുധനായിരുന്നു സൈക്കിള്‍ ജാഥയുടെ ക്യാപ്റ്റന്‍. കുട്ടന്‍കുളത്തിന് കിഴക്കുവശം സ്ഥാപിച്ചിരുന്ന അയിത്തജാതിക്കാര്‍ക്കും അഹിന്ദുക്കളും ഇതിലെ നടക്കരുതെന്ന് എഴുതിയ ബോര്‍ഡ് പൊക്കിയെടുത്ത് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പി.കെ. കുമാരന്റെ വളപ്പില്‍ കുഴിച്ചുമൂടി. കുട്ടംകുളം സമരത്തിന്റെ മുന്നോടിയായിരുന്നു ഇതെല്ലാം. എന്നാല്‍, പി.സി. കറുമ്പയുടെ നേതൃത്വത്തില്‍ സാരി ധരിച്ച് പ്രകടനം നടത്തിയ കീഴ്ജാതിക്കാരായ യുവതികളെ സവര്‍ണര്‍ അവഹേളിച്ചതായിരുന്നു പെട്ടന്നുള്ള പ്രകോപനം.
1946 ജൂണ്‍ 23ന് നഗരസഭാ ഓഫീസിനു മുമ്പിലുള്ള അയ്യങ്കാവു മൈതാനത്തുനിന്നുമാണ് കുട്ടംകുളം സമരത്തിനു തുടക്കം. എസ്്എന്‍ഡിപി യോഗത്തിന്റേയും പ്രജാമണ്ഡലത്തിന്റേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പുലയമഹാസഭയുടേയും പ്രവര്‍ത്തകര്‍ അയ്യങ്കാവ് മൈതാനിയില്‍ യോഗം കൂടി കൂടല്‍മാണിക്യത്തിന്റെ കിഴക്കേ നടവഴിയിലേക്ക ജാഥ നടത്തുവാന്‍ തീരുമാനിച്ചു. പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോനായിരുന്നു അധ്യക്ഷന്‍. വിവിധ തൊഴിലാളി സംഘടനകളും കര്‍ഷകരും വിദ്യാര്‍ഥികളും കൊടികളുമായി ജാഥയിലണിനിരന്നു. പച്ചയും മഞ്ഞയും ചുവപ്പുമായ കൊടികള്‍ക്കൊപ്പം ദേശീയ പതാകയും ജാഥയില്‍ പാറിപറന്നിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കെ.വി ഉണ്ണി, പി. ഗംഗാധരന്, പി.കെ. കുമാരന്, എം.ടി. കൊച്ചുമാണി എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം രണ്ടായിരത്തോളം പേര് അണിനിരന്ന ജാഥ കുട്ടംകുളത്തിനടുത്തേക്ക് നീങ്ങി. വൈകീട്ട് 5.30 ഓടെ കുട്ടംകുളം പരിസരത്തേക്ക് എത്തിയ ജാഥയെ പോലീസ് അതിഭീകരമായാണ് നേരിട്ടത്. കുട്ടംകുളത്തിനു കിഴക്കു ഭാഗത്തു വച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു.
മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് ജാഥാംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നിരോധനമുണ്ടെന്നായിരുന്നു മറുപടി. ഇതിനിടയില്‍ പി. ഗംഗാധരനെ പോലീസ് ഇന്‍സ്പെക്ടര്‍ തള്ളിയതോടെ പോലീസ് വലയം ഭേദിച്ച് മുമ്പോട്ട് നീങ്ങാന്‍ ജാഥാംഗങ്ങള്‍ ശ്രമിച്ചു. ഇതോടെ പോലീസ് സമരക്കാരെ വളഞ്ഞിട്ട് തല്ലി. പലരുംഅടിയേറ്റ് വീണു. വഴിനീളെ ചോരയൊഴുകി. മര്‍ദ്ദനമേറ്റ് സഹികെട്ട കെ.വി. ഉണ്ണി കൊടികെട്ടിയ വടികൊണ്ട് പോലീസിനെ തിരിച്ചടിച്ചു. അടിയേറ്റ പോലീസുകാരന്റെ ചെവിപൊട്ടി രക്തം വാര്‍ന്നതോടെ മര്‍ദനം ഭീകരമായി. അതോടെ അതിക്രൂരമായ ലാത്തിചാര്‍ജും ബയണറ്റു പ്രയോഗവുമാണ് പിന്നീട് സമരക്കാര്‍ക്കു നേരെ പോലീസ് നടത്തിയത്. കൊച്ചിരാജ്യത്ത് ഒരു സമരത്തില്‍ ആദ്യമായി ബയണറ്റ് ഉപയോഗിക്കുന്നത് കുട്ടംകുളം സമരത്തിലാണ്. കെ.വി. ഉണ്ണിയേയും പി. ഗംഗാധരനേയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് രാത്രി വൈകും വരെ തല്ലിയാണ് പോലീസ് കലിയൊടുക്കിയത്. കുറച്ചു പേരെ പോലീസ് പിടികൂടി ഇരിങ്ങാലക്കുട ജയിലില്‍ എത്തിച്ചു. ജയിലിലും ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. കെ.വി. ഉണ്ണിയെ ലോക്കപ്പിലിട്ട് കൊല്ലാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് അതറിഞ്ഞ് ലോക്കപ്പിന്റെ താക്കോല്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി.
അടുത്ത ദിവസം സമരനേതാക്കളായിരുന്ന എം.കെ. തയ്യിലിനേയും പി.കെ. ചാത്തന് മാസ്റ്ററേയും അറസ്റ്റ് ചെയ്തു. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെ.വി.കെ വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍ നടന്ന പരകടനത്തിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. കെ.വി.കെ. വാര്യരെ രാജ്യദ്രോഹകുറ്റം ചുമത്തി നാലുമാസം ജയിലിലിട്ടു. മാസങ്ങള്‍ കഴിഞ്ഞാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇതോടെ കൊച്ചിരാജ്യത്ത് ചരിത്ര പ്രസിദ്ധമായ രാഷ്ട്രീയ ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു. സഹോദരന് അയ്യപ്പനെ പോലുള്ളവര്‍ ഇരിങ്ങാലക്കുടയിലെത്തി യോഗങ്ങളില്‍ പങ്കെടുക്കുകയും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്.
സമരം ശക്തമായതോടെ അധികം വൈകാതെ ക്ഷേത്ര പ്രവേശന തിയതി നിശ്ചയിക്കാമെന്ന് രാജാവ് പ്രഖ്യാപിച്ചു. ഒന്നരവര്‍ഷത്തിനുശേഷം കുട്ടംകുളം പരിസരത്തുകൂടി വഴി നടക്കുവാന്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അനുവാദം ലഭിച്ചു. കൊച്ചി രാജ്യത്ത് രാജാവിന്റെ കീഴില്‍ സ്ഥാനമേറ്റ പ്രജാമണ്ഡലം നേതാവ് പനമ്പിള്ളി ഗോവിന്ദ മേനോന് മന്ത്രിസഭ സമരക്കാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചു. സമാന കാലഘട്ടത്തില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിനും പാലിയം സമരത്തിനും സ്മാരകങ്ങള്‍ ഉയര്‍ന്നപ്പോള്‍ കുട്ടംകുളം സമരത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരു സ്മാരകവും ഉയര്‍ന്നില്ല എന്നൊരു പരാതിയുമുണ്ട്.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
ലോകകപ്പ് ആവേശം പകര്‍ന്ന് കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ ഫുട്ബോള്‍ ഷൂട്ടൗട്ട്