വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി കരൂപ്പടന്ന പാലം; പുനര്‍നിര്‍മാണം ഇനിയും അനിശ്ചിതത്വത്തില്‍
കരൂപ്പടന്ന പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തംഗം അയൂബ് കരൂപ്പടന്നയുടെ നേതൃത്വത്തില്‍ മന്ത്രി ഒ.ജെ. ജനീഷിന് നിവേദനം നല്കുന്നു.
കരൂപ്പടന്ന: വര്‍ഷങ്ങളായി പുനര്‍നിര്‍മാണം ആവശ്യപ്പെട്ടിട്ടും നടപടികള്‍ മുന്നോട്ടുപോകാതെ കരൂപ്പടന്ന പാലം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിനെയും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കരൂപ്പടന്ന പാലത്തിന്റെ നവീകരണം വീണ്ടും വൈകുന്നതില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗണ്യമായി താഴ്ന്നതോടെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പലഘട്ടങ്ങളിലായി അറ്റകുറ്റപ്പണികള്‍ നടത്തിയതോടെയാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടത്. എന്നാല്‍ പാലത്തിന്റെ അടിസ്ഥാന ഘടനയും സുരക്ഷയും സംബന്ധിച്ച ആശങ്കകള്‍ ഇന്നും നിലനില്‍ക്കുകയാണ്.
കൊടുങ്ങല്ലൂര്‍ മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള സംസ്ഥാനപാത കോണ്‍ക്രീറ്റ് നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിക്കൊപ്പം കരൂപ്പടന്ന പാലവും പൊളിച്ചുപണിയുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ 2018ലെ പ്രളയത്തില്‍ വെള്ളത്തിനടിയിലാകാതിരുന്നതിനാല് റീബില്‍ഡ് കേരള പദ്ധതിയില്‍ പാലം ഉള്‍പ്പെട്ടില്ല. പിന്നീട് കരൂപ്പടന്ന മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭാഗത്ത് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലുള്ള ടാറിംഗ് മാത്രമാണ് നടപ്പാക്കിയത്. പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാങ്കേതിക പഠനവും റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.
അതേസമയം, പാലത്തിന്റെ കൈവരികള്‍ പല ഭാഗങ്ങളിലും തകര്‍ന്ന നിലയിലായിരുന്നു. ഇതിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഒരു വശത്തെ കൈവരി പുതുക്കി നിര്‍മിക്കുകയും അവിടെ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ മറുവശത്ത് കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തുകാണുന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്. വിവിധ ബജറ്റുകളില്‍ പാലം പുനര്‍നിര്‍മിക്കാന്‍ തുക വകയിരുത്തിയെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടും പദ്ധതി യാഥാര്‍ഥ്യമായിട്ടില്ല. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പ്രധാന പാതയിലെ പാലം സുരക്ഷിതമാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തവണത്തെ ബജറ്റില്‍ തുക ഉള്‍പ്പെടുത്തി പുനര്‍നിര്‍മാണം വൈകാതെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
മന്ത്രിക്ക് നവേദനം നല്കി
കരൂപ്പടന്ന: കരൂപ്പടന്ന പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അയൂബ് കരൂപ്പടന്നയുടെ നേതൃത്വത്തില്‍ മന്ത്രി ഒ.ജെ. ജനീഷിന് നിവേദനം നല്കി. പാലത്തിന്റെ അടിയില്‍ ബീമുകളില്നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കമ്പികള്‍ പുറത്തു കാണുന്ന സ്ഥിതിയാണെന്നും റോഡു വികസനവുമായി ബന്ധപ്പെട്ട് മറ്റു പാലങ്ങള്‍ പുതുക്കിപ്പണിതപ്പോള്‍ ഈ പാലത്തെ അവഗണിച്ചതായും നിവേദനത്തില്‍ പറയുന്നു. നിവേദനം നല്കാന് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി, വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി, കമാല്‍ കാട്ടകത്ത്, ഇ.വി. സജീവ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് പിഡബ്ല്യുഡിയിലെ എന്‍ജിനീയര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് ഉറപ്പ് നല്‍കിയതായി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അയൂബ് കരൂപ്പടന്ന പറഞ്ഞു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍