കനലായ് കണ്ണീരോര്‍മയായി; ജുവിന് കണ്ണീരോടെ യാത്രാമൊഴി നല്കി നാട്
പോലീസ് ജീപ്പിടിച്ച് മരിച്ച ജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ദുഃഖത്താ് വിതുമ്പുന്ന സഹോദരി ജൂനിയ, മാതാവ് ബീന, പിതാവ് രാജു എന്നിവര്‍.
ഇരിങ്ങാലക്കുട: പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിറവില്‍ ജീവിതത്തിന്റെ പുതിയ അധ്യായങ്ങളിലേക്ക് ചുവടുവെക്കാനിരിക്കെ അപ്രതീക്ഷിതമായി പൊലിഞ്ഞ ജുവിന്റെ വേര്‍പാട് നാടിനെ മുഴുവന്‍ ദുഃഖത്തിന്റെ നിഴലിലാഴ്ത്തി. വാഹനാപകടത്തില്‍ മരണമടഞ്ഞ വിദ്യാര്‍ഥി ജുവിന് നാടൊന്നാകെ കണ്ണീരോടെ യാത്രാമൊഴി നല്കി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വിലാപങ്ങള്ക്കിടയിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.

അവസാന യാത്രയില്‍ സഹപാഠികളും സുഹൃത്തുക്കളും കണ്ണീരോടെ ഒപ്പമുണ്ടായിരുന്നു. ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങളും പങ്കുവച്ച സ്വപ്നങ്ങളും ഓര്‍ത്തെടുക്കുമ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു. പൂക്കളര്‍പ്പിച്ചും പ്രാര്ഥനകളര്പ്പിച്ചും പ്രിയസുഹൃത്തിന് അവര്‍ യാത്രാമൊഴി നല്കി. അവസാനമായി ഒരു നോക്ക് കാണാനും പ്രിയപ്പെട്ട ജുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നൂറുകണക്കിന് ആളുകളാണ് വീട്ടിലും ദേവാലയത്തിലും എത്തിച്ചേര്‍ന്നത്. ഒരു യുവജീവിതത്തിന്റെ അകാലവിയോഗം സൃഷ്ടിച്ച വേദന ഓരോ മുഖത്തും വ്യക്തമായിരുന്നു. ദുഃഖഭാരത്താല്‍ നിശബ്ദമായ അന്തരീക്ഷത്തില്‍ പ്രാര്‍ഥനകളും കണ്ണീരും മാത്രമായിരുന്നു നിറഞ്ഞുനിന്നത്.
എംഎല്‍എമാരായ സനീഷ് കുമാര്‍ ജോസഫ്, അഡ്വ. തോമസ് ഉണ്ണിയാടന്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഉള്‍പ്പടെ ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും അനുശോചനം അറിയിക്കാനും എത്തി. സംസ്കാര ശുശ്രൂഷകള്‍ക്ക് രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ മുഖ്യകാര്‍മികത്വം വഹിച്ചു. ആളൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. വിപിന്‍ വേരന്പിലാവില്, മുന്‍ അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ പോള്‍ ഇയ്യന്നം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
ജുവിന്റെ ഹൃദയം ഇനി അശ്വന്തിലൂടെ സ്പന്ദിക്കും; വേര്‍പാടിന്റെ വേദനയില്‍നിന്ന് പിറന്നത് ഏഴ് പുതുജീവിതങ്ങള്‍
ഇരിങ്ങാലക്കുട: അകാലത്തില്‍ പൊലിഞ്ഞ ഒരു യുവജീവിതത്തിന്റെ ഹൃദയസ്പന്ദനം മറ്റൊരാളുടെ നെഞ്ചില്‍ വീണ്ടും ജീവന്റെ സംഗീതമായി മുഴങ്ങുകയാണ്. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ആളൂര്‍ സ്വദേശി ജുവിന് രാജുവിന്റെ അവയവദാനം ഏഴു പേര്‍ക്ക് പുതുജീവിതത്തിന്റെ പ്രതീക്ഷയായി മാറി. അതില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായത് ജുവിന്റെ ഹൃദയ ഇനി കണ്ണൂര്‍ ജില്ലയിലെ കുറ്റൂര്‍ പഞ്ചായത്തിലെ കുഴിക്കാട് ചന്ദ്രശേഖരന്റെ മകന് അശ്വന്ത് ചന്ദ്രന്റെ ശരീരത്തില്‍ സ്പന്ദിക്കുമെന്ന സത്യമാണ്. അശ്വന്തിന്റെ നെഞ്ചില്‍ മുഴങ്ങുന്ന ഓരോ ഹൃദയമിടിപ്പും ഇനി ജുവിന്റെ സ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും അനശ്വര സ്മാരകമായി തുടരും. ദീര്‍ഘകാലമായി ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന അശ്വന്ത് ചന്ദ്രന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുവീണു.
മരണത്തിന്റെ വേദനയ്ക്കിടയിലും ജുവിന്റെ കുടുംബം കൈക്കൊണ്ട മഹത്തായ അവയവദാന തീരുമാനം നിരവധി കുടുംബങ്ങളുടെ ജീവിതത്തിലേക്ക് പ്രകാശം പകര്‍ന്നിരിക്കുകയാണ്. ഹൃദയപേശികളുടെ പ്രവര്‍ത്തനം ഏകദേശം 90 ശതമാനത്തോളം തകരാറിലായതിനെ തുടര്‍ന്ന് അശ്വന്ത് ചന്ദ്രന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഹൃദയമാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഒരു വര്‍ഷത്തിലധികം അമൃത ആശുപത്രിയിലും പിന്നീട് ലിസി ആശുപത്രിയിലും ചികിത്സ തുടര്‍ന്ന അശ്വന്തും കുടുംബവും അനുയോജ്യമായ ഹൃദയം ലഭിക്കുമെന്ന പ്രതീക്ഷ കൈവിടാതെ കാത്തുനിന്നു.
ഒടുവില്‍ ജുവിന്റെ ഹൃദയം ആ കാത്തിരിപ്പിന ജീവന്റെ മറുപടിയായി എത്തുകയായിരുന്നു. ജുവിന്റെ കരള്‍ എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗിക്കാണ് നല്‍കിയത്. ഒരു വൃക്ക ലിസി ആശുപത്രിയിലെയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലെയും രോഗികള്‍ക്ക് ജീവന് പകര്‍ന്നു. രണ്ടു കോര്‍ണിയകള്‍ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലെ ഐ ബാങ്കിലേക്ക് മാറ്റി. അങ്ങനെ ഒരാളുടെ വേര്‍പാട് ഏഴ് ജീവിതങ്ങളിലേക്ക് പ്രതീക്ഷയും ആരോഗ്യവും പകര്ന്നുനല്കി. കണ്ണീരില്‍ മുങ്ങിയ ഒരു കുടുംബത്തിന്റെ മഹത്തായ തീരുമാനത്തിലൂടെ ജുവിന് രാജു ഇന്ന് ഒരു ഓര്മ മാത്രമല്ല അനേകം ഹൃദയങ്ങളില്‍ ജീവിക്കുന്ന കാരുണ്യത്തിന്റെ പ്രതീകമാണ്.
ആളൂരില്‍ വിദ്യാര്‍ഥിയുടെ അപകട മരണം; പോലീസ് ജീപ്പ് വന്നത് അമിതവേഗത്തില്‍
ഔദ്യോഗിക ആവശ്യത്തിനല്ല വാഹനം ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട്
ഡ്രൈവറുടെ പേരില്‍ നരഹത്യയ്ക്ക് കേസ്
ഇരിങ്ങാലക്കുട: ആളൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് പിന്നില്‍ പോലീസ് ജീപ്പിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്നത് അമിതവേഗത്തിലും അശ്രദ്ധയിലുമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആനത്തടം പീണിക്കപ്പറമ്പില്‍ രാജുവിന്റെ മകന് ജുവിന് (16) ആണ മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന വിദ്യാര്‍ഥിയായ അനന്തകൃഷ്ണന് (18) ഗുരുതരാവസ്ഥയിലാണ്. ഇക്കഴിഞ്ഞ 15ന് 11.35 നായിരുന്നു അപകടം. ഔദ്യോഗിക ആവശ്യത്തിനല്ല ഈ വാഹനം ഉപയോഗിച്ചതെന്നും വിവരമുണ്ട്. പോലീസുകാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റ് റോഡില്‍ കിടന്ന കുട്ടികളെ 15 മിനിറ്റ് കഴിഞ്ഞാണ് സ്വകാര്യവാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിനിടയാക്കിയതെന്നാണ് അറിയുന്നത്.
വാഹനാപകടത്തില്‍ പോലീസ് ജീപ്പ് ഡ്രൈവറെ രക്ഷിക്കാന്‍ നീക്കം നടന്നതായി ആരോപണമുണ്ട്. ഇതിന്റെ ഭാഗമായി വാഹനമോടിച്ചിരുന്ന പോലീസ് ഡ്രൈവറുടെ പേരോ വിലാസമോ രേഖപ്പെടുത്താതെയാണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയത്. കുറ്റവാളിയുടെ/സംശയിക്കുന്ന ആളുടെ പേര് എന്ന കോളത്തില്‍ പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ എന്നുമാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. വാഹനമോടിച്ചയാള്‍ സര്‍വീസില്‍ കയറുന്നതിനുമുമ്പ് നിരവധി കേസുകളില്‍ പ്രതിയായിരുന്നു എന്ന് ആക്ഷേപമുണ്ട്. മാത്രമല്ല ഈ ജീപ്പ് ഔദ്യോഗിക കൃത്യ നിര്വഹണത്തിനായല്ല പോയിരുന്നത് എന്നും ഇക്കര്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍നിന്ന് ഡ്രൈവറുടെ പേര് ഒഴിവാക്കിയത് എന്നും ആരോപണമുണ്ട്. പിന്നീട് പ്രതിഷേധമുയര്‍ന്നതോടെ പോലീസ് ഡ്രൈവര്‍ ശ്രീജിത്തിന്റെ പേരില്‍ നരഹത്യക്ക് കേസെടുക്കുകയായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍