അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്.
ജൂലായ് 31നകം പ്രഖ്യാപനമെന്ന ഉറപ്പ് പാഴായി
കല്ലേറ്റുംകര: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വിപുലമായ രീതിയില്‍ വികസിപ്പിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്കിയ ഉറപ്പ് യാഥാര്‍ഥ്യമായില്ല. ജൂലായ് 31 നകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഓഗസ്റ്റ് 10 എത്തിയിട്ടും പ്രഖ്യാപനം ഉണ്ടാകാത്തതില്‍ യാത്രക്കാരും നാട്ടുകാരും നിരാശയിലാണ്. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചപ്പോഴാണ് സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. പിന്നീട് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലെ കോര്‍ട്ട് കോംപ്ലക്സിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോഴും ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ച് ഉറപ്പുനല്‍കി.
കഴിഞ്ഞമാസം ചാലക്കുടി റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനച്ചടങ്ങിലും തോമസ് ഉണ്ണിയാടന് എംഎല്‍എയുമായി നടത്തിയ ചര്‍ച്ചയിലും ഇരിങ്ങാലക്കുട സ്റ്റേഷനും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ജൂലായ് 31നകം കേന്ദ്ര റെയില്‍വേ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇങ്ങനെ ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ പ്രഖ്യാപനത്തിനായി കാത്തിരുന്നത്. എന്നാല്‍ ജൂലായ് പിന്നിട്ട് ഓഗസ്റ്റിലെത്തിയിട്ടും പദ്ധതിക്ക് പച്ചക്കൊടി ലഭിക്കാത്തത് യാത്രക്കാരില്‍ ആശങ്കയും നിരാശയും സൃഷ്ടിച്ചിരിക്കുകയാണ്. തൃശൂര്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് ഇരിങ്ങാലക്കുട.
ആവശ്യമായ വികസന സൗകര്യങ്ങളോ കൂടുതല്‍ ട്രെയിന്‍ സ്റ്റോപ്പുകളോ ഇല്ലാതിരുന്നിട്ടും പ്രതിവര്‍ഷം ഏഴുകോടിയിലേറെ രൂപയാണ് സ്റ്റേഷനില്‍നിന്ന് ലഭിക്കുന്ന വരുമാനം. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്താല്‍ ഇരിങ്ങാലക്കുട സ്റ്റേഷന്റെ വരുമാനം ഇനിയും ഉയര്‍ത്താനാകുമെന്നാണ് യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും വിലയിരുത്തല്‍. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഷന് വികസിപ്പിക്കുന്നതിനൊപ്പം കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കകയും നേത്രാവതി എക്സ്പ്രസിനോ ഏറനാട് എക്സ്പ്രസിനോ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്താല്‍ വാര്‍ഷിക വരുമാനം പത്തുകോടി രൂപയിലെത്തിക്കാനാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
മൂന്നു നിയോജകമണ്ഡലങ്ങളിലെ പൂര്‍ണമായും രണ്ട് നിയോജകമണ്ഡലങ്ങളിലെ ഭാഗികമായും റെയില്‍വേ യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്. അതുകൊണ്ടുതന്നെ യാത്രക്കാരുടെ എണ്ണത്തിനും വരുമാനത്തിനും അനുസരിച്ചുള്ള വികസനം സ്റ്റേഷന് ലഭിക്കണമെന്നാണ് ആവശ്യം. അസമിലേക്കുള്ള വിവേക് എക്സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഇതിലൂടെ റെയില്‍വേയ്ക്ക് അധിക വരുമാനവും ലഭിക്കും. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ഇനി സിഗ്നല്‍ എപ്പോള്‍ ലഭിക്കുമെന്നാണ് യാത്രക്കാരുടെ ചോദ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍