ആയിരം കോള്‍ പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം നടന്നു
പൂമംഗലം: ഗ്രാമപഞ്ചായത്തിലെ ആയിരം കോള്‍ പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൂമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലായിരുന്ന പാലവും അപ്രോച്ച് റോഡുമാണ് പുനര്‍നിര്‍മാണം നടത്തി ഗതാഗതയോഗ്യമാക്കിയത്. ഇരുവശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡുകള്‍ 143 മീറ്റര്‍ നീളത്തില്‍ ക്വാറി മക്കിട്ട് ഉയര്‍ത്തി വെറ്റ് മിക്സ് മെക്കാഡം ചെയ്ത് ടാറിംങ്ങ് നടത്തി. റോഡിനിരുവശവും ഷോള്‍ഡര്‍ കോണ്‍ക്രീറ്റും പാലത്തിന്റെ കിഴക്ക് ഭാഗത്ത് 100 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് കാനയും ഫൂട്ട് സ്ലാബുകളും ഐറിഷ് ഡ്രെയിനും ബൈ റോഡിലേക്ക് റാമ്പ് എന്നിവയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് അമ്മനത്ത്, പൂമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്മാന് ടി.കെ. സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹൃദ്യ അജീഷ്, പഞ്ചായത്ത് അംഗങ്ങളായ ജയരാജ്, സന്ധ്യ വിജയന് എന്നിവര്‍ സംസാരിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് സ്വാഗതവും പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു നന്ദിയും പറഞ്ഞു.