ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാളിനു നാടൊരുങ്ങി
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണു നാടും നഗരവും. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ആത്മീയതയുടെയും ഇഴചേരലാണ് ഇരിങ്ങാലക്കുടക്കാര്‍ക്കു പിണ്ടിപ്പെരുന്നാള്. നയന മനോഹരമായ ദീപാലങ്കാരങ്ങളാല്‍ വീടുകളും സ്ഥാപനങ്ങളും മനോഹരമായി കഴിഞ്ഞു. ക്രൈസ്തവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മാനം മുട്ടെ ഉയരത്തിലുള്ള പിണ്ടികള്‍ കുത്തി അലങ്കരിച്ചിരിക്കുകയാണ്. വഴി വാണിഭക്കാര്‍ എല്ലാ റോഡുകളും കൈയടക്കി കഴിഞ്ഞു. ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒന്നു ചേരാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള അവസരം കൂടിയാണു പിണ്ടിപ്പെരുന്നാള്. പലഹാര പണികള്‍ പൂര്‍ത്തിയാക്കി വീട്ടമ്മമാര്‍ ബന്ധുമിത്രാദികളെ വരവേല്‍ക്കാന്‍ തയാറായി കഴിഞ്ഞു. ഒട്ടേറെ പുതുമകളോടെയാണു കത്തീഡ്രല്‍ ദേവാലയത്തിലെ ഇത്തവണത്തെ ദീപാലങ്കാരം. ദീപാലങ്കാരങ്ങളുടെ സ്വച്ച് ഓണ്‍ കര്‍മം ഡിവൈഎസ്പി ബാബു കെ. തോമസ് നിര്‍വഹിച്ചു. വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 105 അടി ഉയരമുള്ള ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുന്‍ എംഎല്‍എ പ്രഫ. കെ.യു ആരുണന് മാസ്റ്റര്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
കത്തീഡ്രലില്‍ ഇന്ന്
വൈകീട്ടു 5.30 നു നടക്കുന്ന ദിവ്യബലിക്കു ശേഷം രൂപം എഴുന്നള്ളിച്ചു വെയ്ക്കലും പള്ളി ചുറ്റി പ്രദക്ഷിണവും നേര്‍ച്ച വെഞ്ചിരിപ്പും നടക്കും. മുന്‍ വികാരി ഫാ. ജോയ് കടമ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. വലിയങ്ങാടി, കുരിശങ്ങാടി, കോമ്പാറ, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 12നു പള്ളിയിലെത്തും.
വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവല്‍ ഇന്ന്
പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായുള്ള വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവല്‍ ഇന്നു രാത്രി ഏഴിനു മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യാതിഥി ആയിരിക്കും. മുന്‍ എംഎല്‍എ പ്രഫ. കെ.യു അരുണന്, നഗരസഭാ കൗണ്സിലര്മാര്ട്ടിന് ആലേങ്ങാടന്‍, ജോണി. പി ആലോങ്ങാടന്, മനീഷ് അരിക്കാട്ട്, ജോണി. ടി. വെള്ളാനിക്കാരന്‍ എന്നിവര്‍ പ്രസംഗിക്കും. ഠാണാ ജംഗ്ഷന് മുതല്‍ ആല്‍ത്തറ വരെ 10 സ്റ്റേഡുകളിലായി വിവിധ പരിപാടികള്‍ നടക്കും. രാത്രി 10.30ന് ആല്‍ത്തറയില്‍ നിന്നും അമ്പു പ്രദക്ഷിണം ആരംഭിക്കും.