താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുന്നു, ക്യാമ്പുകളിലേക്ക് കൂടുതല് പേര്, രണ്ട് റൂട്ടുകളില് ഗതാഗതം നിറുത്തി വച്ചു
ഇരിങ്ങാലക്കുട: മഴ അല്പം ശമിച്ചെങ്കിലും ഡാമുകള് തുറന്നതിനാല് ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളും കരുവന്നൂര് പുഴയുടെയും കനോലി കനാലിന്റെയും തീരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇരിങ്ങാലക്കുട നഗരസഭ പരിധിയില് വാര്ഡ് 1, 2, 41, 6, 7 വാര്ഡുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇതേ തുടര്ന്ന് മൂര്ക്കനാട് സ്കൂളില് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില് നാല് കുടുംബങ്ങള് എത്തിയിട്ടുണ്ട്. ഒട്ടേറെ പേര് ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. മാടായിക്കോണം സ്കൂളില് ക്യാമ്പ് ആരംഭിക്കാനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി അധികൃതര് അറിയിച്ചു.
വാര്ഡ് 34 ല് പൊറത്തിശേരി റബ്ബര് എസ്റ്റേറ്റ് റോഡില് ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്ന്ന് മൂന്ന് വീട്ടുകാരോട് മാറി താമസിക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. കാറളം പഞ്ചായത്തില് 1, 2, 3, 10, 11 വാര്ഡുകളിലെ നന്തി, ഇളംപുഴ, ചെങ്ങാലിപ്പാടം, താണിശേരി പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. പഞ്ചായത്തില് കാറളം എഎല്പിഎസ് സ്കൂളില് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില് 65 പേരും കാറളം വിഎച്ച്എസ്എസ് സ്കൂളില് ആരംഭിച്ച ക്യാമ്പില് 13 പേരും താണിശേരി ഡോളേഴ്സ് സ്കൂളില് ആരംഭിച്ച ക്യാമ്പില് 4 പേരുമാണുള്ളത്.
വെള്ളം കയറിയതിനെ തുടര്ന്ന് നന്തി കരാഞ്ചിറ റൂട്ടിലും മൂര്ക്കനാട് കാറളം റൂട്ടിലെയും ഗതാഗതം നിറുത്തി വെച്ചിട്ടുണ്ട്. കാട്ടൂര് പഞ്ചായത്തില് 1, 2, 11, 12 13, 14 വാര്ഡുകളിലെ മുനയം, നന്തിലംപ്പാടം, പറയന് കടവ്, ചെമ്പന് ചാല്, മധുരപ്പിള്ളി പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. കരാഞ്ചിറ സെന്റ് സേവ്യേഴ്സ് സ്കൂളില് ആരംഭിച്ച ക്യാമ്പില് 14 കുടുംബങ്ങളില് നിന്നായി 40 പേര് എത്തിയിട്ടുണ്ട്. മുരിയാട് പഞ്ചായത്തില് ആനുരുളിയില് നിന്നുള്ള ഒരു കുടുംബത്തില് നിന്നുള്ള മൂന്ന് പേരെ അയ്യങ്കാളി സംസ്കാരിക നിലയത്തിലെ ക്യാമ്പില് ആക്കിയിട്ടുണ്ട്. ആളൂര് പഞ്ചായത്തില് ഫാത്തിമ മാതാ സ്കൂളിലെ ക്യാമ്പില് എഴ് കുടുംബങ്ങളില് നിന്നായി 16 പേരാണുള്ളത്.
പടിയൂര്, വേളൂക്കര, പൂമംഗലം പഞ്ചായത്തുകളില് ക്യാമ്പുകള് തുടങ്ങേണ്ട സാഹചര്യം ഉടലെടുത്തിട്ടില്ലെന്ന് അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിന് ഉന്നത വിദ്യാ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില് ബ്ലോക്ക് പഞ്ചായത്ത് ഹാളില് ചേര്ന്ന യോഗം സാഹചര്യങ്ങള് വിലയിരുത്തി. ചിമ്മിനി ഡാം തുറന്നതിനാല് ജലം ഉയരാന് സാധ്യതയുണ്ടെന്നും ഉരുള്പൊട്ടല് സാധ്യതയുള്ള സ്ഥലങ്ങളില് നിന്നും ആളുകളെ മാറ്റി പാര്പ്പിക്കാന് നടപടികള് സ്വീകരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളില് സൗകര്യങ്ങള് ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.