വജ്ര ജൂബിലി നിറവില്‍ ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ് കമ്പനി
ചെറിയ ഒരു തുടക്കം
1963 ല്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള ഏതാനും വെള്ളിച്ചെണ്ണ മില്ലുടമകള്‍ ചേര്‍ന്ന് രൂപം കൊടുത്ത കേരള സോള്‍വെന്റ് എക്സ്ട്രാക്ഷന്‍സ് കമ്പനിയാണ് പിന്നീട് കെഎസ്ഇ കമ്പനിയായി രൂപാന്തരം പ്രാപിച്ചത്. ആ കാലഘട്ടത്തില്‍ 32,170 രൂപ മുടക്കി ഇരിങ്ങാലക്കുട മൂന്നുപീടിക റോഡിനോടു ചേര്‍ന്ന് വാങ്ങിയ ഒമ്പത് ഏക്കര്‍ 60 സെന്റ് സ്ഥലത്താണ് ഇന്ന് കമ്പനിയുടെ പ്രധാന ഫാക്റ്ററിയും ഹെഡ് ഓഫീസും സ്ഥിതി ചെയ്യുന്നത്.
എഴുപതുകളിലും എണ്‍പതുകളിലും ഈ സ്ഥാപനം കേരളത്തിന്റെ വ്യവസായ ചരിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാതെ കടന്നുപോയി. തൊണ്ണൂറുകളില്‍ കെഎസ്ഇയുടെ വളര്‍ച്ച വ്യവസായ കേരളം ശ്രദ്ധിക്കാന്‍ തുടങ്ങി. വലിയൊരു പ്രസ്ഥാനത്തിന്റെ വരവായി വ്യവസായപ്രമുഖര്‍ ഇത് ചൂണ്ടിക്കാട്ടി. 1972 ല്‍ തേങ്ങാപിണ്ണാക്കില്‍ നിന്ന് എണ്ണയെടുക്കുന്ന പ്രക്രിയയിലൂടെ സമാരംഭിച്ച കമ്പനി മിശ്രിത കാലിത്തീറ്റ നിര്‍മാണരംഗത്തേക്ക് 1976 ല്‍ കടന്നുവന്നു.
വളര്‍ച്ചയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും നിരവധി യൂണിറ്റുകള്‍ക്ക് രൂപം കൊടുക്കുവാന്‍ കെഎസ്ഇ യ്ക്ക് കഴിഞ്ഞു. 100 രൂപ വിലയുള്ള 4175 ഓഹരികള്‍ വഴി സമാഹരിച്ച 417500 രൂപയായിരുന്നു കമ്പനിയുടെ പ്രാരംഭ മൂലധനം. 10 രൂപ വിലയുള്ള കെഎസ്ഇ കമ്പനി ഷെയറിന് ഇപ്പോള്‍ കമ്പോളത്തില്‍ 2300 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 300 ശതമാനം ലാഭവിഹിതമാണ് കമ്പനി ഓഹരി ഉടമകള്‍ക്ക് നല്‍കിയത്. നാട്ടിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കായി പ്രതിവര്‍ഷം ഒരു കോടിയോളം രൂപ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നല്‍കുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്ന ഒരു കമ്പനിയായി കെഎസ്ഇ വളര്‍ന്നിരിക്കുന്നു. 1500 ല്‍പരം തൊഴിലാളികള്‍ക്ക് പ്രത്യക്ഷത്തിലും 6000 ല്‍ അധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്കുന്ന ഒരു സ്ഥാപനമാണ്.
വളര്‍ച്ചയുടെ വിവിധ പടവുകള്‍
കേരളത്തില്‍ മൂന്ന് കാലിത്തീറ്റ ഉല്പാദക യൂണിറ്റുകളും തമിഴ്നാട്ടില്‍ ഒരു ഉല്പാദക യൂണിറ്റും സ്വന്തമായി കെഎസ്ഇ യുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. കാലിത്തീറ്റ നിര്‍മാണരംഗത്തെ ഇന്ത്യയിലെ വമ്പന്‍ കമ്പനികളുമായി മത്സരിച്ച് ഈ മേഖലയില്‍ കെഎസ്ഇ ലിമിറ്റഡ് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. കമ്പനിയുടെ വികസനത്തിന്റെ ഭാഗമായി 2000 ല്‍ കെഎസ്ഇ ഡയറി രംഗത്തേക്കും ങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു.
തൃശൂരില്‍ കോനിക്കരയിലും തമിഴ്നാട്ടില്‍ തലയൂത്തിലും കോട്ടയത്ത് വേദഗിരിയിലും പുതിയ ഡയറി പ്ലാന്റുകള്‍ ആരംഭിച്ചു. കെഎസ് പാലും വെസ്റ്റാ ഐസ്ക്രീമും, പാലുമായി ബന്ധപ്പെട്ട മറ്റു ഉല്പന്നങ്ങളും വിപണിയിലെ കെഎസ്ഇ യുടെ ഈ മേഖലയിലെ ശക്തി തെളിയിക്കുന്നു. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികള്‍ക്കുവേണ്ടി 1999 ല്‍ കെഎസ് പാര്‍ക്ക് എന്ന നവീന ആശയം സാക്ഷാത്കരിക്കുകയുണ്ടായി.
സാരഥികള്‍
വ്യവസായ പ്രമുഖനും, മുന്‍ നഗരസഭാ ചെയര്‍മാനുമായ എം.പി. ജാക്സണാണ് കെഎസ്ഇ കമ്പനിയുടെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടര്‍. ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് എം.പി.ജാക്സണ്. സംസ്ഥാന ചീഫ് സെക്രട്ടറിയായി 2020 ല്‍ വിരമിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസ് ആണ് കമ്പനിയുടെ ഇപ്പോഴത്തെ ചെയര്മാന്. കെഎല്‍ഫ് കമ്പനിയുടെ ഡയറകര്‍ പോള്‍ ഫ്രാന്‍സീസ് കണ്ടംകുളത്തിയാണ് എക്സിക്യുട്ടീവ് ഡയറക്ടര്‍.