കേരളത്തില്‍ നിന്നും പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി
ഇരിങ്ങാലക്കുട: കേരളത്തില്‍ നിന്നും പുതിയ ഇനം നിശാശലഭത്തെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ കണ്ടെത്തി. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉള്‍പ്പെടുന്ന ലേപിഡോപ്ടീര ഓര്‍ഡറിലെ എഡെബിറ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവക്ക് കേരളത്തില്‍ മാത്രം കാണപ്പെടുന്നതിനാല്‍ പാന്‍ഗോര കേരളയന്‍സിസ് എന്ന് ശാസ്ത്രീയ നാമം ആണ് നല്‍കിയിരിക്കുന്നത്.
ദക്ഷിണ ഏഷ്യയില്‍ മാത്രം കണ്ടുവരുന്ന പാന്‍ഗോര നിശാശലഭ ജനുസ്സില്‍ ഇതുവരെ നാല് ഇനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. 1916 ന് ശേഷം ആദ്യമായാണ് ഈ ജനുസ്സില്‍ പുതിയൊരു ഇനത്തെ കണ്ടുപിടിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ജാനകിക്കാട്, കോട്ടയം ജില്ലയിലെ മേച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവയെ കണ്ടെത്തിയത്.
അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ജേര്‍ണല്‍ ഓഫ് ഏഷ്യപസഫിക് ബയോഡൈവേഴ്സിറ്റി യുടെ പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഭിലാഷ് പീറ്ററിന്റെ നേതൃത്വത്തിലുള്ള എന്റെമോ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാര്‍ഥിയായ ആദര്‍ശ് പികെ എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
കേന്ദ്ര ജന്തുശാസ്ത്ര ഗവേഷണ സ്ഥാപനമായ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പൂനയിലെ ശാസ്ത്രജ്ഞന് ഡോ. കെ പി ദിനേശ്, ഗവേഷക എ. ശബ്നം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ലണ്ടനിലെ ശാസ്ത്രജ്ഞനായ ഡോ. ആല്‍ബര്‍ട്ട് സില്ലി എന്നിവരും ഈ കണ്ടെത്തലില്‍ പങ്കാളികളാണ്. യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന് ഗവേഷണ ഫെലോഷിപ്പുകള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളേജിലെ എന്റെമോ ടാക്സോണമി ലാബ് നിശാശലഭങ്ങളെയും അവയുടെ മുട്ട, ലാര്‍വ, പ്യൂപ്പ എന്നീ വളര്‍ച്ച ഘട്ടങ്ങളില്‍ അവയെ ആക്രമിക്കുന്ന പരാദങ്ങളുടെയും പഠനത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്.