ഇരിങ്ങാലക്കുട നഗരസഭയില്‍ ഡ്രോണ്‍ സര്‍വേ തുടങ്ങി
![](https://irinjalakuda.news/wp-content/uploads/2025/02/DRON-SURVEY-1024x560.jpeg)
ഇരിങ്ങാലക്കുട നഗരസഭയില്‍ ആരംഭിച്ച ഡ്രോണ്‍ സര്‍വേയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: അമൃത് 2.0 പദ്ധതിയുടെ ഉപപദ്ധതിയായി നഗരങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ഡ്രോണ്‍ ഉപയോഗിച്ച് സര്‍വെ നടത്തി ലഭിച്ച ക്കുന്ന ഡാറ്റ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഈ സര്‍വെയുടെ പ്രത്യേകത, ഏകദേശം 30 ദിവസം വരെ നടക്കുന്ന സര്‍വെ നടത്തുന്നത് ഡല്‍ഹി ആസ്ഥാനമായുള്ള സപ്തര്‍ഷി കണ്‍സള്‍ട്ടന്റാണ്. ദേശീയതലത്തില്‍ ഇതിന്റെ മേല്‍നോട്ട ചുമതല സര്‍വെ ഓഫ് ഇന്ത്യയ്ക്കാണ്. ജില്ലാ തലത്തില്‍ ജില്ലാ ടൗണ്‍ പ്ലാനിങ്ങ് വിഭാഗത്തിനാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഏകദേശം 71 ച തുരശ്ര കിലോ.മീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന പ്രദേശത്താണ് സര്‍വെ നടത്തുന്നത്. മുനിസിപ്പല്‍ മൈതാനിയില്‍ വച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, ജില്ല ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ മനോജ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.