മാപ്രാണം നന്തിക്കര റോഡ് ടാറിടല്‍ പുനരാരംഭിച്ചു

മാപ്രാണം നന്തിക്കര റോഡ് ടാറിടല്‍ പുനരാരംഭിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട, പുതുക്കാട് നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ പ്രധാനപ്പെട്ട റോഡായ മാപ്രാണം നന്തിക്കര റോഡിലെ ടാറിടല്‍ പുനരാരംഭിച്ചു. പണി പൂര്‍ത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് ഇനി ടാറിടല്‍ പൂര്‍ത്തിയാക്കാനുള്ളത്. ഈ ആഴ്ചതന്നെ പണി പൂര്‍ത്തിയാക്കി ശേഷിക്കുന്ന പാര്‍ക്കിംഗ്, ലൈന്‍ മാര്‍ക്കിംഗ് എന്നിവ നടത്തും. മാര്‍ച്ച് മാസത്തോടെ എല്ലാ പണികളും പൂര്‍ത്തിയാക്കി ഏപ്രില്‍ ആദ്യവാരത്തോടെ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന് പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനപാതയില്‍ കോണ്‍ക്രീറ്റിടല്‍ നടക്കുന്നതിനാല്‍ എത്രയും വേഗം ഈ റോഡിലെ ടാറിടല്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ആര്. ബിന്ദു നിര്‍ദേശം നല്‍കിയിരുന്നു. ടാറിടല്‍ പുനരാരംഭിച്ചെങ്കിലും മെഷീനുകള്‍ തകരാറിലായതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചിരുന്നത്. സംസ്ഥാനപാതയില്‍ മാപ്രാണം സെന്ററില്‍ നിന്നാരംഭിച്ച് പറപ്പൂക്കര പഞ്ചായത്തിലൂടെ കടന്ന് നന്തിക്കര ദേശീയ പാതയില്‍ അവസാനിക്കുന്ന റോഡിന് 8.45 കിലോമീറ്റര്‍ ദൂരമുണ്ട്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.30 കോടി രൂപ ചെലവഴിച്ച് 5.50 മീറ്റര്‍ വീതിയുള്ള റോഡ് ബിഎംബിസി നിലവാരത്തില്‍ വീതികൂട്ടി ഏഴുമീറ്ററിലാണ് പുനര്‍നിര്‍മിക്കുന്നത്.