എസ്എഇ ടുവീലര്‍ ചലഞ്ചില്‍ മികച്ച നേട്ടവുമായി ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ്

ഓട്ടോമൊബൈല്‍ രംഗത്തെ പ്രഫഷനലുകളുടെ രാജ്യന്തര സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടോമോറ്റീവ് എന്‍ജിനീയര്‍സ് (എസ്എഇ) ഇന്ത്യയുടെ സൗത്തേണ്‍ സെക്ഷന്‍ നടത്തിയ ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങളുടെ ദേശിയ മത്സരത്തില്‍ തിളങ്ങിയ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ഥികള്‍.
ഇരിങ്ങാലക്കുട: ഓട്ടോമൊബൈല്‍ രംഗത്തെ പ്രഫഷനലുകളുടെ രാജ്യന്തര സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടോമോറ്റീവ് എന്‍ജിനീയര്‍സ് (എസ്എഇ) ഇന്ത്യയുടെ സൗത്തേണ്‍ സെക്ഷന്‍ നടത്തിയ ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങളുടെ ദേശിയ മത്സരത്തില്‍ തിളങ്ങി ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍. ചെന്നൈയില്‍ നടന്ന രണ്ടു ദിന മത്സരത്തില്‍ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളാണ് മാറ്റുരച്ചത്.
ഇതില്‍ പാന്തര്‍ എന്ന വാഹനത്തിന് ഓള് ഇന്ത്യ തലത്തില്‍ ഒന്‍പതാം സ്ഥാനവും കേരളത്തില്‍ നിന്നുള്ള ടീമുകളില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. വാഹനങ്ങളുടെ ദൂര ദൈര്‍ഘ്യം പരിശോധിക്കുന്ന എന്‍ഡ്യൂറന്‍സ് റൗണ്ടില്‍ ദേശിയ തലത്തില്‍ രണ്ടാം സ്ഥാനവും പാന്തര്‍ കരസ്ഥമാക്കി. കോളജില്‍ നിന്നുള്ള മറ്റൊരു ടീമായ സീയൂസ് എല്ലാ ടെസ്റ്റുകളും വിജയകരമായി പൂര്‍ത്തിയാക്കി സജീവ സാന്നിധ്യം തെളിയിച്ചു.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മൂന്ന് മാസം കൊണ്ട് ഈ രണ്ടു സ്കൂട്ടറുകളും നിര്‍മിച്ചെടുത്തത്. സംഘടനയുടെ ദക്ഷിണേന്ത്യയിലെ മികച്ച പ്രവര്‍ത്തകരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അധ്യാപകന് ഡോണി ഡോമിനികിന്റെ നിര്‍ദേശാനുസരണം ടീം ക്യാപ്റ്റന്മാരായ ആകാശ് ശാന്റോ, അഹ്മദ് സുഹൈല്‍, സിറില്‍ ഷിജു എന്നിവരുടെ നേതൃത്വത്തില്‍ 10 വിദ്യാര്‍ഥികളുടെ രണ്ടു ടീമുകള്‍ ആയാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുത്തത്.
കോളജിനുള്ളിലെ അധ്യാപകരുടെ സഞ്ചരത്തിനു വേണ്ടി ഈ രണ്ടു സ്കൂട്ടറുകളും കോളജ് മാനേജ്മെന്റിന് കൈമാറി കുട്ടികള്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് മാതൃക ആയി. രണ്ടു മാസം മുന്‍പ് നടന്ന ബൈസൈക്കിള്‍ ഡിസൈന്‍ ചലഞ്ചിലും കോളജ് വിദ്യാര്‍ഥികള്‍ വിജയികള്‍ ആയിരുന്നു. രാജ്യന്തര തലത്തില്‍ അറിയപ്പെടുന്ന ബാഹ മത്സരത്തില്‍ പങ്കെടുക്കുന്ന ചുരുക്കം ടീമുകളില്‍ ഒന്നും ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീറിംഗില്‍ നിന്ന് തന്നെ. ടീം അംഗങ്ങളെ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, ഫാ. ജോജോ അരീക്കാടന്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.