ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള ആക്രമണം; പ്രതി റിമാന്‍ഡില്‍

മുഹമ്മദ് ഷഹിന്‍.
ഇരിങ്ങാലക്കുട: ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താല്‍ പുന്നേലിപ്പടിയില്‍ വെച്ച് കൈപ്പമംഗലം സ്വദേശിയായ ജുബി (41)നെ ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ആളൂര്‍ വെള്ളാഞ്ചിറ ദേശത്തുള്ള ഇല്ലത്തുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷഹിന്‍ (18) നാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 18 ന് വൈകീട്ട് ആറ് മണിയോടെ ജുബിന്‍ ജീവനക്കാരനായുള്ള പുന്നേലിപ്പിടിയിലുള്ള കാറ്ററിംഗ് യൂണിറ്റിലേക്ക് അഞ്ച് പേര് അതിക്രമിച്ച് കടന്ന് ജുബിന്റെ മടിക്കുത്തില്‍ കയറിപ്പിടിക്കുകയും തലയുടെ പുറകിലും, ഇരുകൈകളിലും, ഷോള്ഡറിലും, വലത് കൈക്ക് താഴെയും, വലത് കാലിലും ഇരുമ്പുവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കാറ്ററിംഗ് ജോലിക്ക് വരുമ്പോള്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത് എന്ന് ജുബിന്‍ പറഞ്ഞതിലുള്ള വിരോധത്താലാണ് ഇവര്‍ ജുബിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷഹിനെ ആളൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷന്, ഇന്‍സ്പെക്ടര്‍, കെ.എം. ബിനീഷ്, സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍, ടി.ആര്. ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ആഷിക് എന്നിവരുംഉണ്ടായിരുന്നു.