കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപതുക തിരിച്ചുനല്‍കുന്നതിനു ഇഡി അടക്കമുള്ള എല്ലാ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കും- അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

കരുവന്നൂര്‍ ബാങ്ക്.
കണ്ടുകെട്ടിയ 128 കോടി തുകയില്‍ 126 കോടി രൂപയുടെ ഭൂമിയും ബാക്കി രണ്ട് കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലെ പണവും വാഹനങ്ങളുമാണ്.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനും നിക്ഷേപതുക തിരിച്ചുനല്‍കുന്നതിനും വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇതിനായി ഇഡി അടക്കമുള്ള എല്ലാ അന്വേഷണ ഏജന്‍സികളുമായും പൂര്‍ണമായും സഹകരിക്കുമെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുവന്നൂര്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആസ്തികളും തുകയും ബാങ്കിന് കൈമാറുമെന്ന ഇഡിയുടെ നീക്കത്തെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിന്തുണക്കും. കണ്ടുകെട്ടിയ 128 കോടി തുകയില്‍ 126 കോടി രൂപയുടെ ഭൂമിയും ബാക്കി രണ്ട് കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലെ പണവും വാഹനങ്ങളുമാണ്.
ഇതാണ് ഇഡി ബാങ്കിന് കൈമാറാമെന്ന് പറയുന്നത്. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ വിളിച്ചുവരുത്തി ഇഡി ഇതറിയിച്ചിരുന്നു എന്ന രീതിയിലുള്ള പ്രചരണം വസ്തുതാപരമല്ലെന്നു ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇതുവരെ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഇഡി വിളിച്ചുവരുത്തി പറയുകയോ രേഖാമൂലം ഈ കാര്യം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇഡി കണ്ടുകെട്ടിയ ഭൂമികളില്‍ പകുതിയിലധികവും ബാങ്കില്‍ വായ്പകള്‍ക്കായുള്ള ഈട് വെച്ച ഭൂമികളായതിനാല് നിലവില്‍ തന്നെ അത് ബാങ്കിന്റെ ആസ്തികളാണ്.
അതിനാല്‍ കണ്ടുകെട്ടിയ ഭൂമി ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് അപ്പീല്‍ കോടതികളില്‍ ഇഡി നടപടികള്‍ക്കെതിരായി ഉടമകളുടെ കേസുകള്‍ നിലനില്‍ക്കുന്നതിനാലും ക്ലെയിം പെറ്റീഷനുകള്‍ നല്‍കുന്നതിന് ആവശ്യമായ നിയമ ഉപദേശവും നിയമസംരക്ഷണവും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് തേടേണ്ടതുണ്ട്. കൂടാതെ കണ്ടുകെട്ടിയ ഭൂമി ക്ലെയിം പെറ്റീഷന് നല്കി ഏറ്റെടുത്ത് അപ്പീല്‍ കോടതികളിലെ കേസുകള്‍ തീര്‍പ്പാക്കി നടപടികള്‍ പൂര്‍ത്തീകരിച്ച് വില്പന നടത്തി പണമാക്കി നിക്ഷേപകര്‍ക്ക് നല്കുവാന് എടുക്കാവുന്ന കാലയളവിനെ കുറിച്ചും കമ്മിറ്റിക്ക് ആശങ്കകളുണ്ട്.
എങ്കിലും അനുകൂലമായ നിയമോപദേശവും നിയമസംരക്ഷണവും ഉറപ്പാക്കുന്നുറക്ക് എത്രയും വേഗം കണ്ടുകെട്ടിയ വസ്തുവഹകള്‍ ഏറ്റെടുത്ത് നിക്ഷേപകര്‍ക്ക് നിക്ഷേപതുക മടക്കി നല്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭരണസമിതി അറിയിച്ചു. നാളിതുവരെ നിക്ഷേപകര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വന്നതിനുശേഷം 143.47 കോടി രൂപ മുതല്‍, പലിശ ഇനങ്ങളിലായി തിരികെ നല്‍കിയിട്ടുണ്ട്. കൂടാതെ കുടിശിക ആയ ലോണുകളില്‍ നിന്നും 128.62 കോടി രൂപ പിരിച്ചെടുക്കുവാനും കഴിഞ്ഞിട്ടുള്ളതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.