63-ാമത് കണ്ടംകുളത്തി ഫുട്ബോള്‍ കിരീടം ക്രൈസ്റ്റ് കോളജിന്

കണ്ടംകുളത്തി ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം ട്രോഫിയുമായി.
ഇരിങ്ങാലക്കുട: 63-ാമത് കണ്ടംകുളത്തി ഫുട്ബോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്വന്തമാക്കി. ഫൈനലില്‍ തൃശൂര്‍ കേരളവര്‍മ കോളജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് ജേതാക്കളായത്. നിശ്ചിതസമയത്ത് ഗോള്‍രഹിത സമനിലയിലായ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറില്‍ ക്രൈസ്റ്റ് കോളജ് വിജയികളായി. 15 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ക്രൈസ്റ്റിന്റെ മണ്ണിലേക്ക് കണ്ടംകുളത്തി കിരീടം തിരികെയെത്തുന്നത്.
2010 ലാണ് ഇതിനുമുന്‍പ് ക്രൈസ്റ്റ് കോളജ് കണ്ടംകുളത്തി ട്രോഫി സ്വന്തമാക്കിയത്. വിജയികള്‍ക്ക് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ജോണ്‍ ജോസഫ് കണ്ടംകുളത്തി എന്നിവര്‍ ചേര്‍ന്ന് കണ്ടംകുളത്തി ലോനപ്പന് മെമ്മോറിയല്‍ വിന്നേഴ്സ് ട്രോഫി സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ചതാരമായി ക്രൈസ്റ്റ് കോളജിന്റെ ഒ.വി. അര്ജുന് ദാസിനെ തെരഞ്ഞെടുത്തു. ക്രൈസ്റ്റിന്റെ ഫഹദ് (മികച്ച ഗോള്‍ കീപ്പര്‍), കേരളവര്‍മ കോളജിന്റെ സുജിത് (മികച്ച പ്രതിരോധം), കേരളവര്‍മയുടെ മിതില്രാജ് (മികച്ച ഫോര്‍വേര്‍ഡ്). ക്രൈസ്റ്റിന്റെ അബിന്‍ (മികച്ച മിഡ്ഫീല്‍ഡര്‍) എന്നീ അവാര്ഡുകളുംനല്കി.