ആശ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്കാന് നഗരസഭ യോഗത്തില്‍ തീരുമാനം

പദ്ധതി ചിലവില്‍ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നേട്ടം; ആശ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്കാന് നഗരസഭ യോഗത്തില്‍ തീരുമാനം
ഇരിങ്ങാലക്കുട: 2024 25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചിലവില്‍ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നേട്ടം. 80.97% പദ്ധതി പണം ചിലവഴിക്കാനായെന്നും ജില്ലയില്‍ ഇരിങ്ങാലക്കുട നഗരസഭ മൂന്നാം സ്ഥാനത്താണെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ നഗരസഭ യോഗത്തില്‍ അറിയിച്ചു. തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും മാസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനം ആരംഭിക്കുകയും ഒടുവില്‍ അടച്ചിടുകയും ചെയ്ത ഠാണാ പൂതം കുളം മൈതാനത്തുള്ള ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെ എല്പിക്കാന് യോഗം തീരുമാനിച്ചു. പ്രതിമാസ വാടക 4000 രൂപയാക്കി നിശ്ചയിച്ചാണ് സിഡിഎസിനെ എല്പിക്കുന്നത് എപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലേക്കാണ് നടത്തിപ്പ് ചുമതല നല്‍കുന്നത്.
അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് ഫണ്ട് പദ്ധതി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെ അജണ്ട പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പിനെ തുടര്‍ന്ന് മാറ്റി വച്ചു. എല്ലാ വാര്‍ഡുകളില്‍ നിന്നും അപേക്ഷ തേടണമെന്നും ചര്‍ച്ച കൂടാതെയാണ് പദ്ധതികള്‍ യോഗത്തില്‍ കൊണ്ട് വരുന്നതെന്നും പ്രതിപക്ഷ അംഗങ്ങളായ ടി കെ ഷാജു, അഡ്വ കെ ആര് വിജയ എന്നിവര്‍ വിമര്‍ശിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ ഇന്‍സെന്റീവ് കൊടുക്കാനും യോഗം തീരുമാനിച്ചു. ഇതിനായി 25 ലക്ഷം രൂപ ബഡ്ജറ്റില്‍ മാറ്റി വച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അനുമതി തേടിയതിന് ശേഷം നടപ്പിലാക്കുമെന്നും വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ചെയര്‍ പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.