കുട്ടംകുളം മതില് ഇടിഞ്ഞിട്ട് നാല് വര്‍ഷം; നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുക്കാനുള്ള ടെണ്ടറില്‍ പങ്കെടുത്ത് ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘം

കുട്ടംകുളം മതില്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ചരിത്രസ്മാരകമായ കുട്ടംകുളം ഭിത്തി സംരക്ഷണ നിര്‍മ്മാണ പ്രവൃത്തിക്കുള്ള ടെണ്ടറില്‍ പങ്കെടുത്ത് സംസ്ഥാനത്ത് ശ്രദ്ധേയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സഹകരണ സംഘം. ആദ്യ ടെണ്ടറില്‍ ആരും പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് രണ്ടാമതും ഇ ടെണ്ടര്‍ വിളിച്ചത്. 2021 മെയ് 16 നാണ് കനത്ത മഴയില്‍ കുട്ടംകുളത്തിന്റെ തെക്കേ മതില് ഇടിഞ്ഞത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് കുട്ടംകുളം സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന്റെ നിര്‍വഹണചുമതല. റവന്യൂ ദേവസ്വം വകുപ്പില്‍ നിന്നും കെട്ടിട വിഭാഗത്തിന് നാല് കോടി രൂപ കൈമാറിക്കഴിഞ്ഞു. തൃശൂര്‍ എന്‍ജിനീയറിംഗ് കോളജിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം മണ്ണ് പരിശോധനയും പൂര്‍ത്തീകരിച്ചിരുന്നു. അതേ സമയം 28% അധിക നിരക്കാണ് ഊരാളുങ്കല്‍ സംഘം മുന്നോട്ട് വച്ചിട്ടുള്ളത്. സംഘവുമായി നെഗോഷ്യേറ്റ് ചെയ്തതിന് ശേഷം മാത്രമേ ടെണ്ടര്‍ ഉറപ്പിക്കുകയുള്ളവെന്നും ഇതിനായുള്ള നടപടികള്‍ നടന്ന് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.