മഴ ചതിച്ചു, വാഴകൃഷി വെള്ളത്തില്‍, കണ്ണീരോടെ കര്‍ഷര്‍

മഴയില്‍ വെള്ളത്തില്‍ മുങ്ങി നശിക്കുന്ന പൊറത്തിശേരി മേഖലയിലെ കുലച്ച നേന്ത്രവാഴകള്‍.
ഓണ വിപണി ലക്ഷ്യം വച്ചുള്ള 15000 കുലച്ച നേന്ത്ര വാഴകള്‍ വെള്ളത്തില്‍
ഇരിങ്ങാലക്കുട: ദിവസങ്ങളായി കനത്തുപെയ്യുന്ന മഴയില്‍ കൃഷിനാശം തുടരുന്നു. നേരത്തെ എത്തിയ മഴയും പാടങ്ങളില്‍ നിന്ന് വെള്ളമിറങ്ങാത്തതും കര്‍ഷകരെ ദുരിതത്തിലാക്കി. ഓണ വിപണി ലക്ഷ്യം വച്ച് കൃഷി ഇറക്കിയ വാഴകളാണ് വെള്ളത്തിലായത്. 15000 കുലച്ച നേന്ത്രവാഴകളാണ് അരയ്ക്ക് ഒപ്പം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നത്. പൊറത്തിശേരി കൃഷിഭവന്, വല്ലച്ചിറ കൃഷിഭവന്, കാറളം, മുരിയാട്, തൊട്ടിപ്പാള്‍ എന്നീ പ്രദേശങ്ങളിലുമാണ് വ്യാപകമായ കൃഷിനാശം സംഭവിച്ചിരിക്കുന്നത്.
കരുവന്നൂര്‍ പുഴയ്ക്കല്‍ പ്രകാശന്, കരുവന്നൂര്‍ തളിയക്കാട്ടില്‍ വേലായുധന്, കരുവന്നൂര്‍ തെക്കൂടന്‍ വത്സന്, പി.കെ. ദാസന് തൊട്ടിപ്പാള്‍, പി.കെ. രവീന്ദ്രന് മുരിയാട്, കെ.സി. ആന്റണി കാറളം, ടി.എ. പോള്‍ കരുവന്നൂര്‍, കെ.വി. ബാബു ആറാട്ടുപുഴ, കെ.സി. ജെയിംസ് ആറാട്ടുപുഴ എന്നീ കര്‍ഷകരുടെ വാഴകൃഷിയാണ് വെള്ളത്തിലായത്. ബാങ്കില്‍ നിന്നും വായ്പയെടുത്തും കടം വാങ്ങിയും കൃഷി ആരംഭിച്ച കര്‍ഷകര്‍ ദുരിത പെയ്ത്തില്‍ കടക്കെണിയിലാവുമോ എന്ന ആശങ്കയിലാണ്.
വിളവിന് പാകമാവാത്ത വാഴകളാണ് നശിച്ചവയിലേറേയും. കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ശക്തമായ കാറ്റില്‍ കുറച്ച് വാഴകള്‍ ഒടിഞ്ഞുവീണിരുന്നു. ദിവസങ്ങളായി വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം വേരുകള്‍ ചീഞ്ഞ് വാഴ നശിക്കും. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഇന്‍ഷൂര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇന്‍ഷൂര്‍ തുകയും ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം ചെയ്യണമെന്ന് മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് കെ.സി. ജെയിംസ് ആവശ്യപ്പെട്ടു.