കരുവന്നൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്
കരുവന്നൂര്‍ ബാങ്ക്.
ബാങ്കിന്റെ ധനസ്ഥിതി അറിയിക്കാതെ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രഹസനം- കോണ്‍ഗ്രസ്
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു വിമര്‍ശനം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്ക്കരിക്കുന്നതിന്റെ കാരണങ്ങള്‍ നിരത്തി കോണ്‍ഗ്രസ് നേതാക്കള്‍. ബാങ്കിന്റെ ധനസ്ഥിതി അറിയിക്കാതെ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രഹസനം മാത്രമാണ്. ഇത് സംബന്ധിച്ച് കൃത്യമായ ധവളപത്രം പുറത്തിറക്കി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി നടത്തുന്ന തെരഞ്ഞെടുപ്പിനോട് മാത്രമേ തങ്ങള്‍ യോജിക്കുന്നുള്ളൂവെന്ന് ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ വന്നതിന് ശേഷം എത്ര പണം നിക്ഷേപര്‍ക്ക് തിരിച്ച് നല്‍കിയെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 40 വര്‍ഷങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ബാങ്ക് ഭരണം. പാര്‍ട്ടി അംഗീകരിക്കുന്നവര്‍ക്ക് മാത്രമാണ് അംഗത്വം നല്‍കിയിട്ടുള്ളത്. കാല് ലക്ഷം ഉണ്ടായിരുന്ന ഓഹരി ഉടമകളുടെ എണ്ണം 13000 ആയി ചുരുങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ സിപിഎം മാത്രമേ ജയിക്കൂ. തെരഞ്ഞെടുപ്പ് കൊണ്ട് നിക്ഷേപകര്‍ക്ക് ഒരു ഗുണവും ലഭിക്കില്ല.
ലോണ്‍ തിരിച്ച് അടച്ചവര്‍ക്ക് വരെ ആധാരം തിരിച്ച് കൊടുക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്. ഭരണം പിടിച്ചെടുത്ത് ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം കളിക്കുന്ന നാടകം മാത്രമാണ് തെരഞ്ഞെടുപ്പെന്ന് വ്യക്തമാണ്. അധികാരത്തില്‍ വന്നാല്‍ കരുവന്നൂര്‍ ബാങ്ക് പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അനങ്ങിയിട്ടില്ല. കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രധാനമന്ത്രിയും പ്രസംഗിച്ചിരുന്നുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്; ഇഡി പിടിച്ചെടുത്ത കോടികളുടെ വസ്തുക്കള്‍ എറ്റെടുത്ത് നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കുമെന്ന വാഗ്ദാനവുമായി ബിജെപി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇഡി പിടിച്ചെടുത്ത കോടികളുടെ വസ്തുക്കള്‍ എറ്റെടുത്ത് നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കുമെന്ന വാഗ്ദാനവുമായി ബിജെപി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്നുംഒളിച്ചോടിയെന്നും സഹകരണ തട്ടിപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് ഒത്തുകളിയെന്നും വിമര്‍ശനം കോടികളുടെ സഹകരണ കൊള്ളയ്ക്ക് വേദിയായ കരുവന്നൂര്‍ സര്‍വ്വീസ് ബാങ്ക് ഭരണസമിതി പിടിച്ചെടുക്കാന്‍ ഒരുങ്ങി ബിജെപി.
ബിജെപി നയിക്കുന്ന എന്‍ഡിഎ പാനല്‍ വിജയിച്ചാല്‍ ഇഡി പിടിച്ചെടുത്ത 128 കോടിയുടെ വസ്തുവഹകള്‍ ഏറ്റെടുത്ത് നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കുമെന്നും മുഴുവന്‍ കുറ്റവാളികളുടെയും വസ്തുവഹകള്‍ കണ്ടുകെട്ടുമെന്നും കൊള്ളയ്ക്ക് കൂട്ടുനിന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, മണ്ഡലം സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ ടി.കെ. ഷാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരെ സഹകരണ കൊള്ളയില്‍ പ്രതികള്‍ ആണെന്നും തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും കോണ്‍ഗ്രസ് ഒളിച്ചോടിയെന്നും ഇത് കോണ്‍ഗ്രസ് എല്‍ഡിഎഫ് ധാരണയുടെ തെളിവാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഫെബ്രുവരി 19 ന് പ്രചരണ ജാഥയും സമ്മേളനവും നടക്കും. മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, പൊറത്തിശേരി എരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, ഇരിങ്ങാലക്കുട മണ്ഡലം പ്രഭാരി അഖിലാഷ് വിശ്വനാന്‍, എം.ഡി. സുരേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കരുവന്നൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എല്‍ഡിഎഫിന്റെ അഡ്വ. സുജില നിധീഷും പി.കെ. വത്സലനും
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി അവസാനിച്ചതിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ അഡ്വ. സുജില നിധീഷ്, പി.കെ. വത്സലന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ബന്ധപ്പെട്ട അധികൃതര്‍ പ്രഖ്യാപിച്ചു. 40 വയസിന് താഴെയുള്ള വനിതാ സംവരണ ഡിവിഷനിലേക്കാണ് ജില്ലാ കോടതിയിലെ അഭിഭാഷകയായ അഡ്വ. സുജില നിധീഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
നിക്ഷേപക സംവരണ ഡിവിഷനിലേക്കാണ് തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോയിന്റ് ഡയറക്ടര്‍ പി.കെ. വത്സലന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു പി.കെ. വത്സലന്‍. ഇനി 11 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ഫെബ്രുവരി 22ന് നടക്കുക.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പെസഹ ആചരിച്ചു; ഇന്ന് ദുഖവെള്ളി
ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുടയില്‍ പര്യടന തിരക്കില്‍ സ്ഥാനാര്‍ഥികള്‍
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ഭിന്നശേഷി തൊഴില്‍ മേഖലവിദഗ്ദ്ധരുടെ വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഠാണാ-ചന്തക്കുന്ന് റോഡില്‍ ബിഷപ്സ് ഹൗസിന് മുമ്പിലെ കാനയിലേക്ക് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
ക്രൈസ്റ്റ് കോളജില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു