അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
ഫോട്ടോ ക്യാപ്ഷന്‍() പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന അവുണ്ടര്‍ചാല്‍
പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിനായി കാത്തിരിപ്പ് നീളുന്നു; 12 കോടിയുടെ പദ്ധതി ഇനിയും കടലാസില്‍
എടക്കുളം: ബജറ്റില്‍ പ്രഖ്യാപിച്ച് ആറുവര്‍ഷം പിന്നിട്ടിട്ടും പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടര് ചാലിന് കുറുകെയുള്ള പാലം യാഥാര്‍ഥ്യമായില്ല. പലതവണ ബജറ്റില്‍ ഇടംപിടിച്ച പദ്ധതിക്ക് 12 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുണ്ടെങ്കിലും നിര്‍മാണത്തിലേക്ക് കടക്കാനായിട്ടില്ല. പാലത്തിനായി ഇരുകരകളിലെയും ജനങ്ങളുടെ കാത്തിരിപ്പും ഇതോടെ നീളുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2020ലെ ബജറ്റിലാണ് അവുണ്ടര് ചാലിന് കുറുകേ പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള ബജറ്റിലും പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ വിശദമായ പദ്ധതി തയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രദേശത്തെ മണ്ണിന്റെ ഘടനയും സാന്ദ്രതയും പരിശോധിച്ച് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താത്കാലിക രൂപരേഖ തയാറാക്കിയിരുന്നു. ഗതാഗതത്തിരക്ക് കൂടുതലില്ലാത്ത പ്രദേശമായതിനാല്‍ ഉയരം കുറഞ്ഞ പാലം നിര്‍മിക്കുന്നതിനുള്ള രൂപരേഖയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ ഉയരം കുറഞ്ഞ പാലം നിര്‍മിച്ചാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തില്പ്പെടാന് സാധ്യതയുണ്ടെന്ന ആശങ്ക നാട്ടുകാര്‍ ഉന്നയിച്ചു. തുടര്‍ന്ന് ചാലിലെ വെള്ളത്തിന്റെ ഒഴുക്കിന്റെയും ശക്തിയുടെയും തോത് പരിശോധിക്കുന്നതിനായി വിദഗ്ധസംഘം സ്ഥലത്തെത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങുകയായിരുന്നു.
ചാലിന് കുറുകേ ഏകദേശം 30 മീറ്റര്‍ നീളത്തില്‍ പാലം നിര്മിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വെള്ളത്തിന്റെ ഒഴുക്ക് സംബന്ധിച്ച പരിശോധന പൂര്‍ത്തിയാക്കിയശേഷം അതിനനുസരിച്ച് അന്തിമ രൂപരേഖ തയാറാക്കി പദ്ധതി സമര്‍പ്പിക്കണമെന്നാണ് പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന്റെ നിലപാട്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കാനാകൂ. എന്നാല്‍ ആ അംഗീകാരം എന്നുണ്ടാകുമെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
പൂമംഗലം പഞ്ചായത്തിലെ എടക്കുളം നെറ്റിയാട് സെന്ററിനെയും പടിയൂര്‍ പഞ്ചായത്തിലെ വളവനങ്ങാടിയെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാലം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ എടതിരിഞ്ഞി വഴി വളഞ്ഞ് വേണം പടിയൂര്‍ പഞ്ചായത്തിന്റെ തെക്കന്‍ മേഖലയില്‍നിന്നുള്ളവര്‍ക്ക് ഇരിങ്ങാലക്കുടയിലെത്താന്‍.
പാലം യാഥാര്‍ഥ്യമായാല്‍ പടിയൂര്‍ നിവാസികള്‍ക്ക് ഇരിങ്ങാലക്കുടയിലേക്ക് എത്താന്‍ പോട്ട മൂന്നുപീടിക സംസ്ഥാനപാതയ്ക്ക് പുറമേ ഒരു സമാന്തരപാതയും ലഭിക്കും. പടിയൂര്‍ പൂമംഗലം കോള്‍മേഖലയില്‍ കൃഷി ചെയ്യുന്ന നൂറുകണക്കിന് കര്‍ഷകര്‍ക്കും പാലം വലിയ ആശ്വാസമാകും. ഗതാഗതസൗകര്യം മെച്ചപ്പെടുന്നതോടെ കാര്‍ഷിക ഉല്പന്നങ്ങളുടെ നീക്കവും എളുപ്പമാകും. വര്‍ഷങ്ങളായി ബജറ്റില്‍ പ്രഖ്യാപനമായി തുടരുന്ന പാലം ഇനി എന്നന്നേക്കുമായി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇരുകരകളിലെയും ജനങ്ങള്‍.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി