അരനൂറ്റാണ്ടിന്റെ പഴക്കം; ഒടുവില്‍ ചക്കരപ്പാടം പാലം നിലംപൊത്തി, 120 കുടുംബങ്ങളുടെ യാത്ര വഴിമുട്ടി
തകര്‍ന്നുവീണ മഴുവഞ്ചേരി തുരുത്തിലെ ചക്കരപ്പാടം നടപ്പാലം.

അരിപ്പാലം: പടിയൂര്‍ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തിനെയും പെരിഞ്ഞനം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചക്കരപ്പാടം നടപ്പാലം തകര്‍ന്നു വീണു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് 1972 ല്‍ പണിതീര്‍ത്ത ഈ പാലം തകര്‍ന്നുവീണത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ട് നാളുകളായെങ്കിലും പുനര്‍നിര്‍മാണത്തിന് നടപടിയുണ്ടാകാത്തതിനിടെയാണ് പാലം തകര്‍ന്നത്. മഴുവഞ്ചേരി തുരുത്തിലെ 120 കുടുംബങ്ങള്‍ക്ക് അക്കരെയെത്താനുള്ള ഏക ആശ്രയമായിരുന്നു ഈ നടപ്പാലം. ദിവസവും നൂറുകണക്കിന് ആളുകള്‍ സഞ്ചരിച്ചിരുന്ന പാലം തകര്‍ന്നതോടെ പ്രദേശവാസികളുടെ ദൈനംദിന യാത്രയും ദുരിതത്തിലായി.

പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂള്‍, ചക്കരപ്പാടം സര്‍ക്കാര്‍ ഡിസ്പെന്‍സറി, പെരിഞ്ഞനം കുറ്റിലക്കടവ് രാമന് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്തുന്നതിനും പാലം പ്രധാന ആശ്രയമായിരുന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത്, മതിലകം പോലീസ് സ്റ്റേഷന്, പോസ്റ്റ് ഓഫീസ്, മതിലകം ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കും തുരുത്തുനിവാസികള്‍ പാലത്തെയാണ് ആശ്രയിച്ചിരുന്നത്. 28 പടികളുള്ള പാലം ജലസേചന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കരാര്‍ അടിസ്ഥാനത്തിലാണ് നിര്‍മിച്ചത്. ചക്കരപ്പാടം സ്വദേശി പാമ്പിനെഴത്ത് പി.കെ. അബ്ദുള്‍ ഹമീദായിരുന്നു കരാറുകാരന്. കാല്‍നൂറ്റാണ്ട് മാത്രം ആയുസ് കണക്കാക്കിയിരുന്ന പാലം അരനൂറ്റാണ്ട് പിന്നിട്ടതോടെ പൂര്‍ണമായും ജീര്‍ണാവസ്ഥയിലായിരുന്നു. പാലത്തിന്റെ തൂണുകളും നടപ്പാതയിലെ പടികളില്‍ പലതും ദ്രവിച്ചിരുന്നു.
തൂണുകള്‍ക്കിടയില്‍നിന്ന് മണ്ണൊലിച്ചുപോയതിനെ തുടര്‍ന്ന് പാലം ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലുമായിരുന്നു. അപകടസാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടും പുനര്‍നിര്‍മാണത്തിന് നടപടിയുണ്ടായില്ല. മുന്‍ വര്‍ഷങ്ങളിലെ ബജറ്റില്‍ ഇവിടെ പുതിയ പാലം നിര്‍മിക്കുന്നതിനായി 10 കോടി രൂപ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. നിരവധി ജനപ്രതിനിധികള്‍ പാലത്തിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് ആശ്യപ്പെട്ടു. വിഷയം രണ്ട് നിയോജകമണ്ഡലങ്ങളിലെയും എംഎല്‍എമാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗം ബീന ജെയിംസ് പാലം ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു
സോണിയ ഗിരി നാദോപാസന പ്രസിഡന്റ്
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിതവസന്തം 2026 27 പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് 2027 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം