മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോസ്റ്റലുകള്‍ക്കെതിരെ നടപടി വേണം; ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്

ഇരിങ്ങാലക്കുട: പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കെതിരെ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഹോസ്റ്റലുകളുടെ മറവില്‍ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന അക്രമസംഭവങ്ങള്‍, നിയന്ത്രണമില്ലാത്ത സംഘംചേരലുകള്‍, ലഹരി ഉപയോഗം, ശബ്ദകോലാഹലങ്ങള്‍ എന്നിവ പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ ഹോസ്റ്റല്‍ നടത്തിപ്പിന് വ്യക്തമായ നിയമനിയന്ത്രണങ്ങളും കര്‍ശനമായ മേല്‍നോട്ടവും ഉറപ്പാക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. നഗരസഭ, ആരോഗ്യവകുപ്പ്, പോലീസ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകള്‍ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കൃത്യമായി നടപ്പാക്കണം. കഴിഞ്ഞ ദിവസം റെസിഡന്റ്സ് പരിധിയിലെ ഒരു ഗൃഹനാഥനു നേരെ ആക്രമണം നടന്നതായും സംഭവത്തില്‍ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായും ഭാരവാഹികള്‍ വ്യക്തമാക്കി.
അഞ്ച് മുതല്‍ പത്തുവരെ പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള വീടുകളില്‍ 20 മുതല്‍ 30 വരെ വിദ്യാര്‍ഥികളെ താമസിപ്പിക്കുന്ന സാഹചര്യമുണ്ടെന്നാണ് അസോസിയേഷന്റെ ആരോപണം. മതിയായ സൗകര്യങ്ങളില്ലാതെയും കൃത്യമായ സമയക്രമമോ ഉത്തരവാദിത്വപ്പെട്ട വാര്‍ഡന്റെ മേല്‍നോട്ടമോ ഇല്ലാതെയും ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ഥികളുടെയും പ്രദേശവാസികളുടെയും സുരക്ഷയെ ബാധിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. അസമയങ്ങളില്‍ വിദ്യാര്‍ഥികള്‍ പുറത്തു കറങ്ങിനടക്കുന്നതും ഹോസ്റ്റലുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ സംഘംചേരുന്നതും ലഹരി ഉപയോഗവും ശബ്ദകോലാഹലങ്ങളും പ്രദേശവാസികളുടെ സ്വസ്ഥജീവിതത്തിന് തടസമാകുന്നുവെന്നാണ് പരാതി. ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാന്‍ ഹോസ്റ്റലുകളുടെ നടത്തിപ്പില്‍ ഉത്തരവാദിത്വം ഉറപ്പാക്കണമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് പരിധിയില്‍ മാത്രം ഏകദേശം 13 ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ഇവയില്‍ ഭൂരിഭാഗം വീടുകളിലും ഉടമസ്ഥരോ ഉത്തരവാദിത്വപ്പെട്ടവരോ താമസിക്കുന്നില്ലെന്നതും ആശങ്ക വര്ധിപ്പിക്കുന്തായി അവര്‍ ചൂണ്ടിക്കാട്ടി. ഹോസ്റ്റലുകളുടെ പ്രവര്‍ത്തനാനുമതി, ആരോഗ്യശുചിത്വ മാനദണ്ഡങ്ങള്‍, താമസക്കാരുടെ എണ്ണം, മേല്‍നോട്ട സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ച് നിയമാനുസൃതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അസോസിയേഷന് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത്, ഭാരവാഹികളായ മാത്യു ജോര്‍ജ്, ബെന്നി പള്ളായി, ഡേവിസ് ഊക്കന്‍, സക്കീര്‍ ഓലക്കോട്ട്, വിജു വര്‍ഗീസ്, ജെയ്മോന് അമ്പൂക്കന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു
സോണിയ ഗിരി നാദോപാസന പ്രസിഡന്റ്
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിതവസന്തം 2026 27 പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് 2027 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം