തേക്ക് മോഷണം, ഏഴു പ്രതികള്‍ അറസ്റ്റില്‍
ആളൂര്‍: ആളൂരില്‍ മുറിച്ചിട്ട വന്‍ തേക്കു മരം രാത്രി കടത്തി കൊണ്ടു പോയി വിറ്റ ഏഴംഗ സംഘം അറസ്റ്റില്‍. വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടില്‍ ജിസ് (38), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പില്‍ ഡാനിയല്‍ (23), പണ്ടാരപറമ്പില്‍ വീട്ടില്‍ ദിലീപ് (41), മുനിപ്പാറ സ്വദേശികളായ പൂളയ്ക്കല്‍ ജിനേഷ് (25), മധുരഞ്ചേരി വിഷ്ണു (26), വെറ്റിലപ്പാറ സ്വദേശികളായ എക്കാടന്‍ മധു (49), ചാണശേരി പറമ്പില്‍ സംഗീത് (46) എന്നിവരെയാണ് അറസ്റ്റഖിലായത്. ജില്ലാ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. രതീഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ആളൂര്‍ മേഖലയില്‍ രണ്ടു മാസം മുമ്പുണ്ടായ ശക്തമായ കാറ്റില്‍ ആളൂര്‍ ആര്‍എംഎച്ച്എസ് സ്കൂളിന് സമീപം താമസിക്കുന്ന ബെന്നിയുടെ വീട്ടിലെ വന്‍ തേക്കു മരം റോഡിലേക്ക് മറിഞ്ഞു വീണിരുന്നു. ഇത് മുറിച്ച് റോഡരികില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഈ തേക്കു മരത്തടികളാണ് മോഷണം പോയത്.
ശനിയാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം ഉടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്. നിരവധി മരക്കച്ചവടക്കാന് തേക്ക് തടികള്‍ ചോദിച്ചു വന്നിരുന്നു. സംഭവ ദിവസം പുലര്‍ച്ചെ അതു വഴി ഒരു മിനിലോറി വന്നുപോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നിരവധി മരക്കച്ചവടക്കാരെയും വാഹനങ്ങളെക്കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് ഏഴു പേരെയും പിടികൂടിയത്. തിങ്കളാഴ്ചയും ഇതേ സംഘം നാട്ടുകാര്‍ക്ക് യാതൊരു സംശയവും തോന്നാത്ത രീതിയില്‍ ആളൂരില്‍ മരക്കച്ചവടത്തിന് എത്തിയിരുന്നു. അന്നു വാങ്ങിയ മരങ്ങള്‍ പെരുമ്പാവൂരില്‍ വില്പന നടത്തി തിരിച്ചുവരുന്നതിനിടെ മൂന്നുപേരെ ചാലക്കുടിയില്‍ വച്ചും മറ്റുള്ളവരെ കാഞ്ഞിരപ്പിള്ളി, വെറ്റിലപ്പാറ ഭാഗങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. ഭാരമുള്ള തടികള്‍ രാത്രി ആരുമറിയാതെയാണ് ഇവര്‍ വാഹനത്തില്‍ കയറ്റി കടത്തിക്കൊണ്ടുപോയത്. പെരുമ്പാവൂരിലെ അറക്കമില്ലില്‍ വിറ്റ തേക്കു തടികളും വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആളൂര്‍ എസ്ഐ വി.പി. അരിസ്റ്റോട്ടില്‍, ക്ലീസന്‍ തോമസ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, സിപിഒ മാരായ കെ.എസ്. ഉമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.