ഹണിട്രാപ്പ്: യുവാക്കള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ആപ്പുവഴി പരിചയപ്പെട്ട് ഹണിട്രാപ്പിലൂടെ കവര്‍ച്ച നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. മൂന്നുപീടിക സ്വദേശി പെരിങ്ങാട്ടുവീട്ടില്‍ പ്രിന്‍സ്(23), നാട്ടിക സ്വദേശിയായ 17 വയസുകാരന് എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ പി.പി. ജസ്റ്റിന് അറസ്റ്റുചെയ്തത്. അരിമ്പൂര്‍ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. വിദേശത്തുനിന്ന് നാട്ടിലെത്തിയ അരിമ്പൂര്‍ സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ ആപ്പിലൂടെ എയ്ഞ്ചല്‍ എന്ന അക്കൗണ്ടിലുള്ള സ്ത്രീയുമായി സൗഹൃദത്തിലായി. പെട്ടന്നുതന്നെ ഇയാളുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീ നേരിട്ട് കാണുന്നതിനായി യുവാവിനെ വ്യാഴാഴ്ച രാവിലെ പത്തരയോടെ കോതറ പാലത്തിനോട് ചേര്‍ന്ന ബണ്ടിലേക്ക് വിളിച്ചുവരുത്തി. ബൈക്കില്‍ ഇവിടെയെത്തിയ യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് വളഞ്ഞ് മര്‍ദിച്ച് മൊബൈല്‍ ഫോണും പഴ്സില്‍നിന്ന് പണവും കവര്‍ന്നു. സാമൂഹികമാധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി എടിഎമ്മില്‍ കൊണ്ടുപോയി 30,000 രൂപയും പില്വലിപ്പിച്ച് കൈക്കലാക്കി. പിന്നീട് യുവാവിനെ ബണ്ടില്തന്നെ കൊണ്ടുവന്ന് മര്‍ദ്ദിച്ച് അവശനാക്കി സംഘം സ്ഥലംവിട്ടു. നാണക്കേടോര്‍ത്ത് ആദ്യം പരാതിപ്പെടാന്‍ മടിച്ചെങ്കിലും പിന്നീട് യുവാവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് റൂറല്‍ എസ്പി നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ടി.കെ. ഷൈജു, കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ പി.പി. ജസ്റ്റിന് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് നാലുദിവസത്തിനുള്ളില്‍ പ്രതികള്‍ അറസ്റ്റിലായത്. പോലീസ് സംഘം ഓണ്‍ലൈന്‍ ഫെയ്ക്ക് ആപ്പുകള്‍ പരിശോധിച്ചും പ്രതികളുടെ രൂപസാദൃശ്യങ്ങള്‍ മനസിലാക്കിയും നടത്തിയ അന്വേഷണത്തിനിടെ റോഡില്‍ വാഹനം തടഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ഫെയ്ക്ക് ആപ്പുകളുടെ സഹായത്തോടെ സ്ത്രീശബ്ദത്തില്‍ സംസാരിച്ചത് പ്രതികളായ യുവാക്കള്‍ തന്നെയായിരുന്നെന്ന് പോലീസ് കണ്ടെത്തി. മൂന്നാമനെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മുന്‍കാല പ്രവര്‍ത്തികളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. എസ്ഐ ശ്രീലക്ഷ്മി, എഎസ്ഐ കെ.എസ്. ശ്രീജിത്ത്, വി.എസ്. ശ്യാം, ശബരീകൃഷ്ണന്‍, ഡ്രൈവര്‍ സിപിഒ ഷൗക്കര്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.