ഇടതുപക്ഷ രാഷ്ട്രീയം വേരുറയ്ക്കുന്നതിന് ഇടതു ശൈലിയിലുള്ള രാഷ്ടീയ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം-വി.എസ്. സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്നുള്ള പ്രവര്‍ത്തനത്തിനു പ്രാധാന്യം കുറക്കുന്ന സാഹചര്യങ്ങള്‍ പ്രതിലോമശക്തികള്‍ക്കു കടന്നുകയറാന്‍ ഇടം നല്‍കുന്നുണ്ട്. യുവജനങ്ങളുടെ മാത്രമല്ല ബഹുജനങ്ങളുടെയാകെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു കൊണ്ടു പൊരുതായ പ്രസ്ഥാനമാണു എഐവൈഎഫ് എന്നും എന്നാല്‍ ആ സമരങ്ങളിലേക്കു കൂടുതല്‍ യുവജനങ്ങളെ അണിനിരത്താന്‍ ആസൂത്രിത പ്രവര്‍ത്തനമുണ്ടാകണമെന്നും യുവജനങ്ങള്‍ക്കു താല്പര്യമുള്ള എല്ലാ കാര്യങ്ങളിലും ഇടപെടുന്നതോടൊപ്പം മതനിരപേക്ഷതയും ശാസത്ര ബോധവും ഉയര്‍ത്തിപ്പിടിക്കേണ്ടതും അനിവാര്യമാണെന്നു അദ്ദേഹം ചുണ്ടിക്കാട്ടി.
ഒരു തെരഞ്ഞെടുപ്പു കൊണ്ടു നിരാശരാവുന്ന പാരമ്പര്യമല്ല കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനുള്ളതെന്നും ഇതിലും വലിയ പരാജയങ്ങളില്‍ നിന്നു ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നുവന്നതാണ് നമ്മുടെ ചരിത്രമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇരിങ്ങാലക്കുട മണ്ഡലം എഐവൈഎഫ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എസ്. സുനില്‍കുമാര്‍. ശില്പശാലയില് സര്‍ക്കാര്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ യുവജന പങ്കാളിത്തം എന്ന വിഷയത്തെ ആസ്പദമാക്കി മസൂദ് കെ. വിനോദ് ക്ലാസ് നടത്തി.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണുശങ്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന് ഭാവി പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സ്വപ്ന നജിന്‍ നന്ദിയും പറഞ്ഞു.