കരുവന്നൂര്‍ ബാങ്ക് വളം ഡിപ്പോ തുറക്കല്‍: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാര്‍
കരുവന്നൂര്‍: നാലുവര്‍ഷമായി അടച്ചിട്ടിരിക്കുന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കീഴിലെ വളംവില്പ്പനശാല തുറക്കുന്നതിനെപ്പറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേരള സഹകരണസംഘം രജിസ്ട്രാര്‍. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ശിവരാമന് നായര്‍ സഹകരണവകുപ്പ്, കൃഷിവകുപ്പ്, മന്ത്രി ആര്. ബിന്ദു എന്നിവര്‍ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പോ പുനഃരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജോ. രജിസ്ട്രാര്‍ ബാങ്കിനോട് നിര്‍ദേശിച്ചത്.
പൊറത്തിശേരി മേഖലയിലെ കര്‍ഷകര്‍ക്ക് വളം സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്ന ഡിപ്പോ വേണ്ടത്ര സ്റ്റോക്കില്ലാതായതോടെ നാലുവര്‍ഷം മുമ്പാണ് പൂട്ടിയത്. അരനൂറ്റാണ്ടായി പഴയ പൊറത്തിശേരി പഞ്ചായത്ത് പ്രദേശത്തെ കാര്‍ഷിക മേഖലകളായ മൂര്‍ക്കനാട്, കരുവന്നൂര്‍, പൊറത്തിശേരി, മാടായിക്കോണം, ചാത്തറാപ്പ് പ്രദേശങ്ങളിലെ കര്‍ഷകര്‍ വളത്തിനും കീടനാശിനികള്‍ക്കും മറ്റു കാര്‍ഷിക സേവനങ്ങള്‍ക്കും ആശ്രയിച്ചിരുന്ന ഈ സ്ഥാപനം പൂട്ടിയതില്‍ കര്‍ഷകര്‍ നിരാശരാണ്. 1200 ഏക്കര്‍ നെല്‍കൃഷിക്കും അത്രതന്നെ കരകൃഷിക്കും വേണ്ട വളം, കുമ്മായം, കീടനാശിനി തുടങ്ങിയവ ബാങ്ക് ഹെഡ് ഓഫീസിനു പിറകില്‍ പ്രവര്‍ത്തിച്ചിരുന്ന വില്പ്പനശാലയില്നിന്നാണ് നല്‍കിയിരുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഡിപ്പോ ഇല്ലാതായതോടെ തെങ്ങ്, കവുങ്ങ്, ജാതി, പച്ചക്കറി, നെല്ല് തുടങ്ങിയവയ്ക്ക് ആവശ്യമായ വളവും കീടനാശിനികളും പുറത്തുനിന്നും ഇരട്ടിവിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. മാത്രമല്ല, നെല്‍കൃഷിക്കുവേണ്ട കുമ്മായത്തിനും ക്ഷാമം നേരിട്ടു. പ്രവര്‍ത്തനം നിലച്ചതോടെ ഡിപ്പോ കാടുകയറിയ നിലയിലാണ്. ലാഭകരമല്ലാത്ത ബാങ്കിന്റെ സ്ഥാപനങ്ങള്‍ പൂട്ടണമെന്ന സഹകരണവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഇതുനിര്ത്തിയതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പുനരുദ്ധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഡിപ്പോ തുടങ്ങുന്നകാര്യം ആലോചിക്കുമെന്നും ബാങ്ക് അറിയിച്ചു.