കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയില്‍ മില്ലില്‍ വന്‍തീപിടുത്തം; ആളപായമില്ല
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തില്‍ കല്ലംകുന്നിലുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കല്പശ്രീ വെളിച്ചെണ്ണ ഓയില്‍ മില്ലില്‍ വന്‍ തീപിടുത്തം. ഇന്നലെ രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. ആര്‍ക്കും അപകടമില്ല. പ്ലാന്റിന്റെ പടിഞ്ഞാറെ ഭാഗവും യന്ത്രസംവിധാനങ്ങളും കത്തിനശിച്ചു. രാവിലെ പത്തുമണിയോടെ എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മില്ലിലെ ഡ്രയറില്‍ തീ ആളുന്നത് കണ്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍, പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ആറ് അഗ്നിശമനസേന യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒരു മണിയോടെയാണ് തീയണച്ചത്. ഏഴ് ടണ്‍ വെളിച്ചെണ്ണയും അഞ്ച് ടണ്‍ കൊപ്രയും അകത്ത് ഉണ്ടായിരുന്നു. ഇതിന് മാത്രം 12 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. കല്ലംകുന്ന് ബാങ്കിന്റെ കീഴില്‍ 2005 ലാണ് ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് യൂണിറ്റ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് ഡ്യൂട്ടി കഴിഞ്ഞ് ജീവനക്കാര്‍ മടങ്ങിയത്. താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനെ ഏല്പിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് ബാങ്ക് ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.
രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം, കൊപ്ര സംഭരണ യൂണിറ്റിലേക്കു തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി
ഇരിങ്ങാലക്കുട: ഗ്രാമത്തെ ഞെട്ടിച്ച് അഗ്നിബാധ കൂടുതല്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കാത്തതിന്റെ ആശ്വാസത്തില്‍ ജനങ്ങള്‍. ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞത് അഗ്നിശമന സേനയുടെ ജീവന് പണയം വെച്ചുള്ള പ്രവര്‍ത്തനത്തില്‍. രക്ഷാപ്രവര്‍ത്തനത്തിനും തീയണക്കുന്നതിനും ഇരിങ്ങാലക്കുട അഗ്നിരക്ഷാനിലയം ഓഫീസര്‍ ഗോപാലകൃഷ്ണന് മാവില, ചാലക്കുടി അഗ്നിരക്ഷാനിലയം ഓഫീസര്‍ ഹര്‍ഷ എന്നിവരുടെ നേതൃത്വത്തില്‍ നാല്പതോളം പേര് തീയണക്കാന്‍ രംഗത്തുണ്ടായിരുന്നു. സംഭവമറിഞ്ഞയുടനെ ആദ്യം ഇരിങ്ങാലക്കുടയില്നിന്നും തൊട്ടുപുറകെ ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍, പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആറ് അഗ്നിശമനസേന സംഘമാണ് സംഭവസ്ഥലത്തെത്തിയത്. മൂന്നു മണിക്കൂറോളം നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. എണ്ണക്കു തീപിടിച്ചതിനാല്‍ പ്രത്യേക കെമിക്കല്‍ വാതകം ഉപയോഗിച്ചാണ് തീയണച്ചത്. തൊട്ടടുത്തുള്ള ബാങ്കിന്റെ സ്നാക്സ് യൂണിറ്റിലേക്കും കൊപ്ര സംഭരണ യൂണിറ്റിലേക്കും തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
മില്ല് പൂര്‍ണമായും കത്തി നശിച്ചു. കോടികളുടെ നഷ്ടം ; കെട്ടിടത്തിനും തകരാര്‍
ഇരിങ്ങാലക്കുട: മണിക്കൂറുകള്‍ നീണ്ട തീപിടുത്തത്തില്‍ കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കല്പശ്രീ വെളിച്ചെണ്ണ ഓയില്‍ മില്ലില്‍ കത്തിയമര്‍ന്നത് കോടികള്‍. നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് പതുക്കെ നടന്നടുക്കുന്ന ഇടതുപക്ഷ നിയന്ത്രണത്തിലുള്ള ബാങ്കിന് കനത്ത തിരിച്ചടിയാണ് പുതുവത്സരദിനത്തില്‍ മില്ലില്‍ ഉണ്ടായ അപകടം വരുത്തിവച്ചിരിക്കുന്നത്. മൂന്ന് എക്സ്പല്ലറുകള്, രണ്ട് ഫില്‍ട്രേഷന്‍ യൂണിറ്റുകള്‍, മൈക്രോ ഫില്‍റ്റര്‍, കട്ടര്‍, റോസ്റ്റര്‍, രണ്ട് കണ്‍വെയര്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കിലും പ്ലാന്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ മൂന്ന് കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതര്‍ സൂചിപ്പിക്കുന്നത്. അറുപത് സെന്റ് സ്ഥലത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിനും മേല്ക്കൂരകള്ക്കും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പതിനായിരം കിലോ പിണ്ണാക്ക് കഴിഞ്ഞ ദിവസം പ്ലാന്റില്‍ നിന്ന് കയറ്റിവിട്ടിരുന്നു. എന്നാല്‍ ഏഴ് ടണ്‍ വെളിച്ചെണ്ണയും അഞ്ച് ടണ്‍ കൊപ്രയും പ്ലാന്റില്‍ ഉണ്ടായിരുന്നു. ഈയിനത്തിലും ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് 50 വര്‍ഷം പിന്നിട്ട ബാങ്കിന്റെ കീഴില്‍ 1998 ലാണ് നാളികേര സംഭരണം ആരംഭിച്ചത്. 2003 ല്‍ വെളിച്ചെണ്ണ ഉല്പാദനവും തുടങ്ങി. പ്രതിദിനം രണ്ടായിരം കിലോ വെളിച്ചെണ്ണയാണ് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ ഉല്പാദിപ്പിക്കുന്നത്. കല്പശ്രീ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഇറക്കുന്ന വെളിച്ചെണ്ണയുടെ വിപണി പ്രധാനമായും തൃശൂര്‍ ജില്ല തന്നെയാണ്. വേളൂക്കര പഞ്ചായത്തിന്റെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 17, 18 വാര്‍ഡുകള്‍ പ്രവര്‍ത്തന പരിധിയായിട്ടുള്ള ബാങ്കില്‍ നിലവില്‍ എണ്ണായിരത്തില്‍ അധികം അംഗങ്ങളുണ്ട്. പി.എന്‍. ലക്ഷ്മണന് പ്രസിഡന്റായുള്ള ഭരണസമിതിയാണ് ബാങ്ക് ഭരണം നടത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് സ്ഥലം സന്ദര്‍ശിച്ചു.
തീപിടുത്തം പായ്ക്കിംഗ് യൂണിറ്റില്‍ നിന്ന്, അന്വേഷണം ആരംഭിച്ചു
ഇരിങ്ങാലക്കുട: പായ്ക്കിംഗ് യൂണിറ്റ് പ്രവര്‍ത്തി ച്ചിരുന്നിടത്തുനിന്നാണ് തീപിടുത്തം ഉണ്ടായത്. ഇവിടെനിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സംഘത്തിന്റെ വിലയിരുത്തലും ഇതുതന്നെയാണ്. ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന ചണം അമിത ചൂടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. അപകട കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.
മാനം മുട്ടെ പുക ഉയര്‍ന്നു, പരിഭ്രാന്തിയോടെ നാട്ടുകാര്‍
ഇരിങ്ങാലക്കുട: പുതുവത്സര ദിനത്തില്‍ രാവിലെ തന്നെ മാനം മുട്ടെ പുക ഉയരുന്നതു കണ്ട് ജനം പരിഭ്രാന്തരായി. തുടക്കത്തില്‍ ചെറിയ പുകയാണെന്ന് കരുതിയെങ്കിലും ഒരുമണിക്കൂറിനകം ഇത് ഗ്രാമത്തെ ഞെട്ടിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും തീയണക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. അഗ്നിശമനസേന ജീവനക്കാര്‍ എത്തിയപ്പോള്‍ നാട്ടുകാരും സഹായികളായി കൂടി. യൂണിറ്റിന്റെ വെള്ളം ചീറ്റുന്നതിനുള്ള പൈപ്പുകള്‍ ഉയര്‍ത്തി കൊടുക്കുന്നതിനും മറ്റും നാട്ടുകാരും സഹായിച്ചു. കൂടാതെ ഈ ഭാഗത്തേക്ക് കൂടുതല്‍ യൂണിറ്റുകള്‍ എത്തികൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് വഴിയൊരുക്കി കൊടുക്കാനും നാട്ടുകാര്‍ മുന്നിട്ടുനിന്നു. അഗ്നിരക്ഷാ വാഹനത്തിലെ വെള്ളം തീര്‍ന്നപ്പോള്‍ വെള്ളം നിറച്ചത് സമീപത്തെ കുളത്തില്‍ നിന്നാണ്.