കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ മില്ലില്‍ വന്‍തീപിടുത്തം; അന്വേഷണം ആരംഭിച്ചു
ഇരിങ്ങാലക്കുട: നടവരമ്പ് കല്ലംകുന്നിലുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കല്പശ്രീ വെളിച്ചെണ്ണ മില്ലിലെ തീപിടുത്തത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പായ്ക്കിംഗ് യൂണിറ്റ് പ്രവര്ത്തിച്ചിരുന്നിടത്തുനിന്നാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സംഘത്തിന്റെ വിലയിരുത്തലും ഇതുതന്നെയാണ്. ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന ചണം അമിത ചൂടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും ഇന്ന് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാവിലെ പത്തുമണിയോടെ സെക്യൂരിറ്റി ജീവനക്കാരനാണ് മില്ലിലെ ഡ്രയറില്‍ തീ ആളുന്നത് കണ്ടത്.
തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍, പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ആറ് അഗ്നിശമനസേന യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒരു മണിയോടെയാണ് തീയണച്ചത്. അഗ്നിശമനസേന ജീവനക്കാര്‍ എത്തിയപ്പോള്‍ നാട്ടുകാരും സഹായികളായി കൂടി. യൂണിറ്റിന്റെ വെള്ളം ചീറ്റുന്നതിനുള്ള പൈപ്പുകള്‍ ഉയര്‍ത്തി കൊടുക്കുന്നതിനും മറ്റും നാട്ടുകാരും സഹായിച്ചു. കൂടാതെ ഈ ഭാഗത്തേക്ക് കൂടുതല്‍ യൂണിറ്റുകള്‍ എത്തികൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് വഴിയൊരുക്കി കൊടുക്കാനും നാട്ടുകാര്‍ മുന്നിട്ടുനിന്നു. അഗ്നിരക്ഷാ വാഹനത്തിലെ വെള്ളം തീര്‍ന്നപ്പോള്‍ വെള്ളം നിറച്ചത് സമീപത്തെ കുളത്തില്‍ നിന്നാണ്. ഏഴ് ടണ്‍ വെളിച്ചെണ്ണയും അഞ്ച് ടണ്‍ കൊപ്രയും അകത്ത് ഉണ്ടായിരുന്നു. തീപിടുത്തത്തില്‍ ആര്‍ക്കും അപകടമില്ല. എന്നാല്‍ കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് പതുക്കെ നടന്നടുക്കുന്ന ഇടതുപക്ഷ നിയന്ത്രണത്തിലുള്ള ബാങ്കിന് കനത്ത തിരിച്ചടിയാണ് പുതുവത്സരദിനത്തില്‍ മില്ലില്‍ ഉണ്ടായ അപകടം വരുത്തിവച്ചിരിക്കുന്നത്.
മൂന്ന് എക്സ്പല്ലറുകള്, രണ്ട് ഫില്‍ട്രേഷന്‍ യൂണിറ്റുകള്‍, മൈക്രോ ഫില്‍റ്റര്‍, കട്ടര്‍, റോസ്റ്റര്‍, രണ്ട് കണ്‍വെയര്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കിലും പ്ലാന്റ് വീണ്ടും പ്രവര്‍ത്തന സജമാക്കാന്‍ മൂന്ന് കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതര്‍ സൂചിപ്പിക്കുന്നത്. അറുപത് സെന്റ് സ്ഥലത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിനും മേല്ക്കൂരകള്ക്കും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പതിനായിരം കിലോ പിണാക്ക് കഴിഞ്ഞ ദിവസം പ്ലാന്റില്‍ നിന്ന് കയറ്റിവിട്ടിരുന്നു. എന്നാല്‍ ഏഴ് ടണ്‍ വെളിച്ചെണ്ണയും അഞ്ച് ടണ്‍ കൊപ്രയും പ്ലാന്റില്‍ ഉണ്ടായിരുന്നു. ഈയിനത്തിലും ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് 50 വര്‍ഷം പിന്നിട്ട ബാങ്കിന്റെ കീഴില്‍ 1998 ലാണ് നാളികേര സംഭരണം ആരംഭിച്ചത്. 2003ല്‍ വെളിച്ചെണ്ണ ഉല്പാദനവും തുടങ്ങി. പ്രതിദിനം രണ്ടായിരം കിലോ വെളിച്ചെണ്ണയാണ് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ ഉല്പാദിപ്പിക്കുന്നത്. കല്പശ്രീ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഇറക്കുന്ന വെളിച്ചെണ്ണയുടെ വിപണി പ്രധാനമായും തൃശൂര്‍ ജില്ല തന്നെയാണ്. വേളൂക്കര പഞ്ചായത്തിന്റെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 17, 18 വാര്‍ഡുകള്‍ പ്രവര്‍ത്തന പരിധിയായിട്ടുള്ള ബാങ്കില്‍ നിലവില്‍ എണ്ണായിരത്തില്‍ അധികം അംഗങ്ങളുണ്ട്.