ദരിദ്രരുടെ ഉന്നമനത്തിനും സഭകള്‍ തമ്മിലുള്ള കൂട്ടായ്മക്കും ഏറെ സംഭാവനകള്‍ നല്കിയ മഹാ ഇടയന്-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ലോകസമാധാനത്തിനും മതമൈത്രിക്കും ദരിദ്രരുടെ ഉന്നമനത്തിനും സഭകള്‍ തമ്മിലുള്ള കൂട്ടായ്മക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ മഹാ ഇടയനാണ് പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. എട്ടുവര്‍ഷം നീണ്ട ശുശ്രൂഷയില്‍ താന്‍ സ്പര്‍ശിച്ച മേഖലകളെല്ലാം ആത്മീയതയുടെ പാണ്ഡിത്യത്തിന്റെയും വിശുദ്ധിയുടെയും നവമായ ചൈതന്യം കത്തോലിക്കാ സഭയ്ക്കും ലോകത്തിനും പ്രദാനം ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. ക്രിസ്തീയമൂല്യങ്ങളോടു വിധേയപ്പെട്ട പഠനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ആഴമേറിയ സഭാപാഠങ്ങളിലൂടെ ക്രിസ്തുവിനോടുള്ള വിശ്വസ്തയും സ്നേഹവും പുലര്‍ത്തി വിജ്ഞാനവും വിവേകവും വിനയവും കൊണ്ട് കത്തോലിക്ക സഭയ്ക്ക് ശക്തമായ നേതൃത്വം നല്കിയ വ്യക്തിയാണ്. സഭയുടെ പ്രബോധനങ്ങളോട് അതീവ വിശ്വസ്തത പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. ക്രിസ്തീയമൂല്യങ്ങളോടു വിധേയപ്പെട്ട പഠനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ദൈവശാസ്ത്ര പഠനങ്ങള്‍ സഭയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്. സഭയെ വിശുദ്ധിയോടും ശാന്തമായും നയിക്കുന്നതിന് അദ്ദേഹം കാണിച്ച ഉത്സുകത വളരെ ശ്ലാഘനീയമാണ്. ക്രിസ്തീയ വിശ്വാസത്തിന്റെയും ഉപവിയുടെയും മാതൃക കാണിച്ചുതന്ന വ്യക്തി കൂടിയാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ.
മൃതസംസ്കാര ദിവസം രൂപതയിലെ എല്ലാ ഇടവകകളിലും പ്രാര്‍ഥനാദിനമായി ആചരിക്കണം -ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: ബെനഡിക്ട് പതിനാറാമന്‍ മാര്പ്പാപ്പയുെട ദേഹവിയോഗത്തില്‍ മൃതസംസ്കാര ദിവസം (ജനുവരി 5) പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍ദേശിച്ചു. മൃതസംസ്കാര ദിനത്തില്‍ രൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുസ്മരണ സമ്മേളനം നടത്തുന്നത് അഭികാമ്യമാണ്. മൃതസംസ്കാരസമയത്ത് കറുത്തകൊടി നാട്ടിയും, പാപ്പയുടെ ചിത്രം അലങ്കരിച്ചുവച്ചും പുഷ്പാര്‍ച്ചന നടത്തിയും പാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ടതാണ്. ജനുവരി അഞ്ചാം തിയ്യതിയോ അതിനുമുമ്പോ മാര്‍പ്പാപ്പയുടെ ആത്മാവിനു കൂലാര്ഥം കുര്‍ബാന, ഒപ്പീസ് എന്നിവ പള്ളിച്ചെലവില്‍ നിര്‍വഹിക്കേണ്ടതാണ്. അഞ്ച് വരെയുള്ള തിയതികളില്‍ മുന്‍കൂട്ടി ക്രമീകരിച്ചിട്ടുള്ള എല്ലാം പരിപാടികളും ആര്‍ഭാടം ഒഴിവാക്കി നടത്തേണ്ടതാണ്. ഇത്തരം കാര്യങ്ങളാണ് ഇരിങ്ങാലക്കുട രൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും നടത്തുവാന്‍ ബിഷപ് നിര്‍ദേശിച്ചിരിക്കുന്നത്.