ഇന്‍സ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വര്‍ക്കല സ്വദേശി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഇന്‍സ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വര്‍ക്കല സ്വദേശിയെ സൈബര്‍ ക്രൈം സിഐ ബി.കെ. സുനില്‍ കൃഷ്ണന് അറസ്റ്റ് ചെയ്തു. വര്‍ക്കല മണ്ണാര്‍തൊടി വീട്ടില്‍ അല്അമീനിനെയാണ് (28 വയസ്) തിരുവനന്തപുരം സ്വദേശിനിയും ഇപ്പോള്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുകയും ചെയ്യുന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. പ്രതി അബുദാബിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇന്‍സ്റ്റാഗ്രാമിലൂടെ പരാതിക്കാരിയുമായി പരിചയപ്പെടുകയും അടുപ്പത്തിലാവുകയും വിവാഹ അഭ്യര്‍ഥന നടത്തുകയും ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കുകയുമായിരുന്നു. പ്രതിയുടെ സ്വഭാവം മനസിലാക്കിയ യുവതി ബന്ധം ഉപേക്ഷിച്ചു. ഇതേ തുടര്‍ന്ന് പ്രതി ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപെട്ടു. ആവശ്യം നിരസിച്ച വൈരാഗ്യത്തില്‍ പ്രതി യുവതിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നഗ്നചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം വീണ്ടും വിദേശത്ത് കടന്ന പ്രതി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പിടിയിലായത്. ഡിസിആര്‍ബി ഡിവൈഎസ്പി പി.സി. ഹരിദാസിന്റെ നേത്യത്വത്തില്‍ ഉദ്യോഗസ്ഥരായ സി.എം. തോമസ്, എ.കെ. മനോജ്, അജിത്ത്കുമാര്‍, ഷനൂഹ്, ഹസീബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചാവക്കാട്, വര്‍ക്കല സ്റ്റേഷനുകളിലും പ്രതിക്ക് സമാനമായ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.