മാടായിക്കോണം സ്കൂളിലെ എന്‍എസ്എസ് ക്യാമ്പിലെ സംഘര്‍ഷത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ വാഗ്വാദം;
പ്രോഗ്രാം ഓഫീസറെ വിമര്‍ശിച്ച് ഭരണപക്ഷം; പ്രധാന അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം
ഇരിങ്ങാലക്കുട: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ യുപി സ്കൂളില്‍ ആരംഭിച്ച എന്‍എസ്എസ് ക്യാമ്പിനോടനുബന്ധിച്ച് പിടിഎ പ്രസിഡന്റും പൊതുപ്രവര്‍ത്തകനും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ ചൊല്ലി നഗരസഭ യോഗത്തില്‍ വാഗ്വാദം. നിശ്ചിത അജണ്ടകള്‍ക്ക് മുമ്പായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബനാണ് വിഷയം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സ്കൂളിലെ പുതിയ കെട്ടിടത്തിലെ ടോയ്ലറ്റുകള് തുറന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായതെന്നും സ്കൂള്‍ പാര്‍ട്ടി ഭരണത്തിലാണോയെന്നും നഗരസഭയുടെ നിലപാട് വ്യക്തമാക്കണമെന്നും സന്തോഷ് ബോബന് ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപി കൗണ്‍സിലര്‍ പറയുന്നത് പോലെ സ്കൂളില്‍ കലാപം ഉണ്ടായിട്ടില്ലെന്നും പുതിയ കെട്ടിടം തുറന്ന് തന്നിട്ടില്ലെന്ന വിവരം മുന്‍കൂട്ടി ചെയര്‍പേഴ്സനെ അറിയിച്ചിരുന്നുവെന്നാണ് താന്‍ മനസിലാക്കുന്നതെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ പറഞ്ഞു. ഒരു മാസം മുമ്പ് തന്നെ വിഷയം സംബന്ധിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നുവെന്നും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെങ്കില് അറിയിക്കാന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇന്ദുകല ടീച്ചര്‍ വിളിച്ചില്ലെന്നും മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിലും ഓഫീസര്‍ പറഞ്ഞില്ലെന്നും പ്രോഗ്രാം ഓഫീസര്‍ ഇന്ദുകല ടീച്ചര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തുറന്ന് കൊടുക്കാന്‍ വിസമ്മതിച്ച പ്രധാന അധ്യാപികയ്ക്ക് എതിരെയും നടപടി എടുക്കണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ പറഞ്ഞു. വിഷയം അറിഞ്ഞ ഉടനെ താന്‍ ഇടപെട്ടതാണെന്നും സ്കൂളിന്റെ ചുമതല വഹിക്കുന്ന പ്രധാന അധ്യാപികയില്‍ നിന്ന് വിശദീകരണം തേടണമെന്ന് വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബിയും ആവശ്യപ്പെട്ടു. പ്രോഗ്രാം ഓഫീസര്‍ ഇത് സംബന്ധിച്ച് പരാതി തന്നിട്ടില്ലെന്നും വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും പ്രധാന അധ്യാപികയ്ക്ക് എതിരെ നടപടി എടുക്കാന്‍ കഴിയില്ലെന്നും പിടിഎ പ്രസിഡന്റ് തന്നെ വിളിച്ച് വിഷയം പറഞ്ഞിരുന്നുവെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ പിടിഎ പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും മര്‍ദ്ദിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്നും സന്തോഷ് ബോബന് പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ഉറപ്പില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ചെയര്‍പേഴ്സന്റെ മറുപടി. സംഭവം അറിയിക്കാന്‍ വിട്ട് പോയതായി പ്രോഗ്രാം ഓഫീസര്‍ പറഞ്ഞുവെന്നും മുന്‍ കൗണ്‍സിലര്‍ കൂടിയായ പിടിഎ പ്രസിഡന്റിനെ മര്‍ദ്ദിച്ച വ്യക്തിയെ മാതൃകപരമായി ശിക്ഷിക്കണമെന്നും വൈസ് ചെയര്മാന് ടി.വി. ചാര്‍ലി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട സ്കൂള്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെടാനും നഗരസഭയുടെ അധീനതയിലുള്ള പൊതു വിദ്യാലയങ്ങളുടെ യോഗം വിളിച്ച് ചേര്‍ക്കാനും യോഗം തീരുമാനിച്ചു. പെരുന്നാളിന് മുമ്പായി പട്ടണത്തില്‍ തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.