സ്കൂള്‍ ബസിന് തീപിടിച്ചു, ബാറ്ററിയിലുണ്ടായ ഷോര്ട്ട്സ ർക്യൂട്ടാണ് കാരണമെന്ന് നിഗമനം
നടവരമ്പ്: നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൂള്‍ ബസിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് 12.30 നാണ് സംഭവം. ബസിലെ ബാറ്ററിയിലുണ്ടായ ഷോര്‍ട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. ഇന്നലെ രാവിലെ വിദ്യാര്‍ഥികളെ സ്കൂളില്‍ കൊണ്ടുവന്നതിനു ശേഷം ഷെഡില്‍ കയറ്റി ഇട്ടിരിക്കുകയായിരുന്നു ബസ്.
15 വര്‍ഷം മുമ്പാണ് ഈ ബസ് സ്കൂളിന് ലഭിച്ചത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന ഒരു സ്ത്രീയാണ് ബസിന്റെ അടിഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തീയണക്കുന്നതിനുള്ള ശ്രമം തുടങ്ങി.
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഇരിങ്ങാലക്കുട പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. സ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷ്ണന്, എന്‍.കെ. മോഹനന്, വി.ആര്. മഹേഷ്, എം. എച്ച്. അനീഷ്, ശ്രീജിത്ത് സുമേഷ്, ഗോകുല്‍, ആന്റു, അഭിമന്യൂ, ലിന്സണ്, ജയന്, സജിത്ത്, രാധാകൃഷ്ണന്. എന്നിവരാണ് തീയണക്കുന്നതിനായി നേതൃത്വം നല്‍കിയത്.