ഇ.കെ. നാരായണന് മാസ്റ്ററുടെ 21ാം ചരമവാര്‍ഷിക ദിനാചരണം എസ്എൻ ക്ലബ് ഹാളിൽ നടന്നു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന സവിശേഷത ബഹുസ്വരതയാണ്. എന്നാല്‍ വൈവിധ്യങ്ങളെ ഇല്ലാതാക്കി എകശിലാരൂപമായ സംസ്കാരത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസിന്റെയും ആര്‍എസ്എസിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ കക്ഷിയുടെയും നേതൃത്വത്തില്‍ നടക്കുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റും കവിയും എഴുത്തുകാരനുമായ പ്രഫ. കെ. സച്ചിദാനന്ദന്. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ക്രൈസ്റ്റ് കോളജ് ഭൗതിക ശാസ്ത്ര അധ്യാപകനുമായിരുന്ന ഇ.കെ. നാരായണന് മാസ്റ്ററുടെ 21ാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്ത്യ എന്ന സ്വപ്നം യോജിപ്പിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യവംശ വാദവും തങ്ങള്‍ ആര്യ വംശക്കാര്‍ എന്ന അവകാശവാദങ്ങളും നിലനില്‍ക്കില്ലെന്ന് കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങള്‍ തെളിയിച്ച് കഴിഞ്ഞു. ഭയത്തിന്റെ ഭരണമാണ് ഇന്ത്യയില്‍ ഇന്ന് നടക്കുന്നതെന്നും സത്യം വിളിച്ച് പറയാനും എഴുതാനും പ്രതിപക്ഷമായി നിലകൊള്ളാനും തയ്യാറല്ലാത്ത ഭീരുക്കളായി നാം മാറി തുടങ്ങിയെന്നും അദ്ദഹം പറഞ്ഞു. ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എന്‍ ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ ഗവേഷണ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി.ജി. ഗോപിനാഥന് അനുസ്മരണ പ്രഭാഷണം നടത്തി. ഗവേഷണ കേന്ദ്രം സെക്രട്ടറി ഇ. വിജയകുമാര്‍ സ്വാഗതവും ട്രഷറര്‍ പി.എന്‍. ലക്ഷ്മണന് നന്ദിയും പറഞ്ഞു.