അറിയുന്നുണ്ടോ ഈ വേദന; വര്‍ഗീസിന്റെ ജീവിതമാണ് ആ പെട്ടിക്കട: അടച്ചിട്ടിരിക്കുന്ന പെട്ടിക്കട തുറന്നുകിട്ടാന്‍ നഗരസഭയുടെ കനിവുകാത്ത് ഭിന്നശേഷിക്കാരന്
ഇരിങ്ങാലക്കുട: അധികൃതരുടെ കനിവ് കാത്ത് ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഭിന്നശേഷിക്കാരനായ വര്‍ഗീസ്. തന്റെ ഏകാശ്രയമായ പെട്ടിക്കട തുറക്കാന്‍ നഗരസഭയുടെ അനുമതി വൈകുന്നതിനാല്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. ആസാദ് റോഡില്‍ താമസിക്കുന്ന ചെറിയാടന്‍ വര്‍ഗീസാ(62)ണ് ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റിലുള്ള തന്റെ കട തുറക്കാനാകാതെ വിഷമിക്കുന്നത്.
കട തുറക്കാനുള്ള അനുമതിക്കായി വയ്യാത്ത കാലുംവെച്ച് ആറു മാസമായി നഗരസഭാ ഓഫീസില്‍ കയറിയിറങ്ങുകയാണ് ഇദ്ദേഹം. 2007 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ജനസമ്പര്‍ക്കപരിപാടിയില്‍ വച്ച് ഉപജീവനമാര്‍ഗമെന്ന നിലയില്‍ പെട്ടിക്കട അനുവദിച്ചത്. അന്നത്തെ ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി കച്ചവടം നടത്താന്‍ പഴയ താലൂക്ക് സബ്ട്രഷറിക്കു സമീപം സ്ഥലം അനുവദിച്ച് ലൈസന്‍സ് നല്കി. എന്നാല്‍ അവിടെ കച്ചവടം ഇല്ലാതായതോടെ ഈവനിങ്ങ് മാര്‍ക്കറ്റിലേക്ക് കട മാറ്റി. എന്നിട്ടും ഗുണമില്ലാതായതോടെ നഗരസഭ റവന്യൂ വിഭാഗത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ജവഹര്‍ കോളനിയിലേക്ക് കട മാറ്റി നല്‍കിയത്.
എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് കോളനിയിലെ ഫ്ലാറ്റുകളിലേക്ക് കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കാന്‍ പെട്ടിക്കട തടസമായപ്പോള്‍ അത് പൊളിച്ച് കാനയുടെ സമീപത്തേക്ക് മാറ്റിയിട്ടു. ഇതിലേയ്ക്കുണ്ടായിരുന്ന വൈദ്യൂതി ബന്ധവും അവര്‍ വിച്ഛേദിച്ചു. 2018ലെ പ്രളയത്തില്‍ പെട്ടികട വെള്ളത്തില്‍ മുങ്ങിയതോടെ തുരുമ്പെടുത്തു തുടങ്ങി. എന്നാല്‍ വഴിയോരത്ത് കച്ചവടം നടത്തുന്നതിനുള്ള ലൈസന്‍സ് പുതുക്കികൊണ്ടിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് റവന്യൂ വിഭാഗം പരിശോധന നടത്തി ബൈപ്പാസ് റോഡില്‍ സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടപ്പായില്ല.
പ്രളയത്തിനുശേഷം 2020 ഫെബ്രുവരിയിലാണ് പെട്ടിക്കട നഗരസഭ പച്ചക്കറി മാര്‍ക്കറ്റിലേക്ക് മാറ്റിയത്. എന്നാല്‍, മാര്‍ക്കറ്റില്‍ പുതിയ വാട്ടര്‍ ടാങ്കിന്റെ നിര്‍മാണം തുടങ്ങിയതോടെ പെട്ടിക്കടയ്ക്ക് പൂട്ടുവീണു. പിന്നീട് ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും ഇതുവരെ കട തുറക്കാന്‍ നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്ന് വര്‍ഗീസ് പറഞ്ഞു.
പെട്ടിക്കട തുറന്നുകിട്ടാന്‍ പലതവണ മുനിസിപ്പാലിറ്റിയില്‍ കയറിയിറങ്ങിയിട്ടും ഫലമണ്ടായില്ല. ഒറ്റയ്കക് താമസിക്കുന്ന വര്‍ഗീസിന് ഏക ആശ്രയം പെന്ഷന് മാത്രമാണ്. കട തുറക്കാന്‍ ബാങ്കില്‍നിന്ന് വായ്പ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, നഗരസഭ നടപടി വൈകുന്നതിനാല്‍ അത് ഇനിയും കിട്ടിയിട്ടില്ല. കട അടഞ്ഞുകിടക്കുകയാണെങ്കിലും മാര്‍ച്ച് മുതലുള്ള വാടക നഗരസഭയില്‍ അടയ്ക്കണം.
ബൈപ്പാസ് റോഡ്, കാട്ടൂര്‍ റോഡ്, പൂതംകുളം മൈതാനം, ചെട്ടിപ്പറമ്പ് സ്കൂള്‍ തുടങ്ങി എവിടെയങ്കിലും പെട്ടിക്കട തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് വര്‍ഗീസിന്റെ ആവശ്യം.