നിയന്ത്രണംവിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് എകെപി ജംഗ്ഷനിലെ തട്ടുക്കടയും സ്തൂപങ്ങളും തകര്‍ന്നു
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട സ്വകാര്യ ബസ്സിടിച്ച് തട്ടുക്കട തകര്‍ന്നു. ഇരിങ്ങാലക്കുട എകെപി ജംഗ്ഷനില്‍ ബസ് സ്റ്റോപ്പിന്റെ അടുത്ത് വര്‍ഷങ്ങളായി ഉണ്ടായിരുന്ന പെട്ടിക്കടയാണ് തകര്‍ന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വൈഷ്ണോദേവി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അടുത്തുതന്നെ ഉണ്ടായിരുന്ന യൂണിയന് ഷെഡ്ഡും രണ്ട് സ്തൂപങ്ങളും തകര്‍ന്നിട്ടുണ്ട്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ക്രൈസ്റ്റ് കോളജ് ഭാഗത്തുനിന്നും വരികയായിരുന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബസ് നിര്‍ത്തുന്നതിനായി റോഡരികിലെ രാഷ്ട്രീയപാര്‍ട്ടികളുടെ സ്തൂപങ്ങളില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ സ്തൂപങ്ങള്‍ ഇടിച്ചുനിരത്തി തൊട്ടടുത്തുള്ള തട്ടുകടയും തകര്‍ത്താണ് ബസ് നിന്നത്.
27 വര്‍ഷമായി നടത്തിവന്നിരുന്ന ഇരിങ്ങാലക്കുട മാര്‍ക്കറ്റ് സ്വദേശി പുതുക്കാടന്‍ ബിജുവിന്റെ തട്ടുകടയാണ് അപകടത്തില്‍ തകര്‍ന്നത്. കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അപകടത്തില്‍ നിസാര പരിക്കേറ്റ ഒരു ഒരു കുട്ടിയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടെ മര ഉരുപ്പടികള്‍ ബസ്സിനുള്ളിലേക്ക് കയറിയതിനാല്‍ പിന്നീട് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് എത്തി മര ഉരുപ്പടികള്‍ മുറിച്ചുനീക്കിയാണ് ബസ് അപകട സ്ഥലത്തു നിന്നും മാറ്റിയത്. ഇരിങ്ങാലക്കുട പോലീസും സ്ഥലത്തെത്തിയിരുന്നു.
അപകടസമയത്ത് ബസ് സ്റ്റോപ്പിന്റെ മുന്നിലും യൂണിയന് ഷെഡ്ഡിലും ആരും ഇല്ലാതിരുന്നത് കൊണ്ടും തട്ടുക്കട അടച്ചിട്ടിരിക്കുകയായിരുന്നതും കൊണ്ടും കൂടുതല്‍ അപകടം ഒഴിവായി. ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ടുണ്ട്.