ആനന്ദപുരം നെല്ലായി റോഡിന്റെ നിര്‍മാണോദ്ഘാടന ശിലാഫലകം മന്ത്രി ആര്. ബിന്ദു അനാച്ഛാദനം ചെയ്തു
ആനന്ദപുരം: ആളൂര്‍, പറപ്പൂക്കര, മുരിയാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന ആനന്ദപുരം നെല്ലായി റോഡ് നിര്‍മാണം മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി ആര്. ബിന്ദു അധ്യക്ഷയായി. കെ.കെ. രാമചന്ദ്രന് എംഎല്‍എ വിശിഷ്ടാതിഥിയായി. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ 9.3 കി.മീ ദൈര്‍ഘ്യമുള്ള റോഡ് 10.76 കോടി രൂപ ചെലവിലാണ് പുനരുദ്ധരിക്കുന്നത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലം ബജറ്റ് വര്‍ക്ക് 2022 23 ല്‍ ഉള്‍പ്പെടുത്തിയാണ് റോഡു നിര്‍മാണം. ചിത്രക്കാരന് മുരിയാട് കാര്ത്തികേയന് നവ കേരള സദസ്സിന്റെ പ്രചരണാര്‍ഥം വാക്കും വരയും പരിപാടിയില്‍ പാട്ടുപാടി മന്ത്രിയുടെയും എംഎല്‍എയുടെയും ചിത്രം വരച്ചു നല്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വൈസ് പ്രസിഡന്റ് എം.കെ . ഷൈലജ, ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഹരീഷ് എന്നിവര്‍ സംസാരിച്ചു.