നിപ്മറിന് വീണ്ടും സംസ്ഥാന പുരസ്കാരം അവാര്‍ഡ് മികച്ച ഭിന്നശേഷി സൗഹൃദ വിനോദ സൗകര്യങ്ങള്‍ക്ക്
ഇരിങ്ങാലക്കുട: ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നിപ്മറിന് സംസ്ഥാന പുരസ്കാരം. മികച്ച ഭിന്നശേഷി സൗഹൃദ വിനോദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹത നേടിയത്. ഭിന്നശേഷി സൗഹൃദ കളിസ്ഥലം, വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് വെള്ളത്തില്‍ കളിക്കാനുള്ള സൗകര്യം, തുറസായ മ്യൂസിക്കല്‍ പാര്‍ക്ക്, സംഗീതനൃത്ത പരിശീലന സൗകര്യങ്ങള്‍, സെന്‍സറി പാര്‍ക്ക്, സെന്‍സറി ഗാര്ഡന് എന്നീ നൂതന പദ്ധതിതികള്‍ നടപ്പാക്കിയതു പരിഗണിച്ചാണ് പുരസ്കാരം. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എംപവര്‍മെന്റ് ത്രൂ വോക്കേഷണലൈസേഷന്, കോണ്‍ഫറന്‍സ് ഹാള്‍, കാമ്പസില്‍ സൗരോര്‍ജ വിളക്കുകള്‍, സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ചൈല്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, സെറിബ്രല്‍ പാള്‍സി റിസര്‍ച്ച് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍, ഡാന്‍സ് ആന്‍ഡ് മ്യൂസിക് തിയേറ്റര്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഭിന്നശേഷി സമൂഹത്തിനായി നിപ്മര്‍ പ്രദാനം ചെയ്യുന്നുണ്ട്. രണ്ടു കോടി 21 ലക്ഷം രൂപ ചിലവിട്ടാണ് ഈ സൗകര്യങ്ങള്‍ ഒരുക്കിയത്.
2021-22 ല്‍ എട്ട് കോടി, 22-23ല്‍ പത്ത് കോടി, 23-24 വര്‍ഷത്തില്‍ 12 കോടി എന്നിങ്ങനെ ബജറ്റ് വിഹിതം വര്‍ധിപ്പിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സ, പ്രത്യേക വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ നൂതനമായ പദ്ധതികളാണു നിപ്മര്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. കൂടാതെ മുതിര്‍ന്ന വര്‍ക്കായുള്ള ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഹൈഡ്രോ തെറാപ്പി, സ്പൈനല്‍ കോര്‍ഡ് ഇഞ്ചുറി യൂണിറ്റ് എന്നിവയും ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. ഭിന്നശേഷി മേഖലയിലെ പ്രഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രഫഷണല്‍ കോഴ്സുകളും ഈ സ്ഥാപനം നടത്തിവരുന്നു. മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനം, മികച്ച കണ്ടെത്തല്‍ എന്നീ വിഭാഗങ്ങളിലാണ് മുന്‍കൊല്ലങ്ങളില്‍ നിപ്മറിന് സംസ്ഥാന പുരസ്കാരം ലഭിച്ചത്.