കെഎസ്ആര്‍ടിസിക്ക് ഉല്ലാസമില്ലാത്ത അവധിക്കാലം
ബസുകളും ജീവനക്കാരുമില്ല; ഇരിങ്ങാലക്കുടയില്‍നിന്നുള്ള കെഎസ്ആര്‍ടിസിയുടെ ക്രിസ്മസ് അവധിക്കാല ഉല്ലാസയാത്രകള്‍ ഒഴിവാക്കി
ഇരിങ്ങാലക്കുട: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിക്ക് അധികവരുമാനം നല്‍കിയിരുന്ന അവധിക്കാല ഉല്ലാസയാത്രകള്‍ ഈ ക്രിസ്മസ് അവധിക്കില്ല. ആവശ്യത്തിന് ബസുകളും ജീവനക്കാരും ഇല്ലാത്തതിനാല്‍ ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഉല്ലാസയാത്രകള്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ഒഴിവാക്കി. ഞായറാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന ഉല്ലാസയാത്രകളാണ് ഒഴിവാക്കിയത്. അവധിദിവസങ്ങളില്‍ നടത്തിവന്ന നെല്ലിയാമ്പതി, വയനാട്, വാഗമണ്‍, മൂന്നാര്‍ ജംഗിള്‍ സഫാരി, മലക്കപ്പാറ, സൈലന്റ് വാലി, ഗവി എന്നീ സ്ഥലങ്ങളിലേക്കുള്ള ഉല്ലാസയാത്രകളാണ് നിര്‍ത്തലാക്കിയത്. ഓരോ സീസണിലും അഞ്ചുലക്ഷത്തോളം രൂപ അധികമായി വരുമാനമുണ്ടാക്കാന്‍ ഈ ഉല്ലാസയാത്രകളിലൂടെ കെഎസ്ആര്‍ടിസിക്ക് സാധിച്ചിരുന്നു. സ്കൂള്‍ അടച്ചതോടെ ഉല്ലാസയാത്രയ്ക്കായി പലരും വിളിക്കാറുണ്ടെങ്കിലും ബസുകളില്ലാത്തതിനാല്‍ ഒന്നും പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഉല്ലാസയാത്രകള്‍ക്കായി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ജനുവരി പകുതി വരെ അധികമായി ഒരു സര്‍വീസും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒന്‍പതു ഓര്‍ഡിനറിയും അഞ്ചു ഫാസ്റ്റും ഓടിയിരുന്ന സ്ഥാനത്ത് ആറു ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇതുമൂലം ഇരിങ്ങാലക്കുടയില്‍നിന്നുള്ള വരുമാനത്തിലും വലിയതോതില്‍ ഇടിവുവന്നതായി ജീവനക്കാര്‍ പറഞ്ഞു. പ്രതാപകാലത്ത് 21 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന ഇരിങ്ങാലക്കുടയില്‍നിന്ന് ഇപ്പോള്‍ മൂന്നു സ്വിഫ്റ്റ് അടക്കം 17 സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 17 ഡ്രൈവര്‍മാരും ആറു കണ്ടക്ടര്മാരുംകൂടി ഉണ്ടെങ്കില്‍ മാത്രമേ സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കാനാകൂ. ആവശ്യത്തിന് ഡ്രൈവര്‍മാരെ നിയമിക്കണമെന്ന് ഒട്ടേറെത്തവണ ആവശ്യപ്പെട്ടെങ്കിലും കെഎസ്ആര്‍ടിസി പരിഗണിച്ചിട്ടില്ല. ജനറല്‍ ട്രാന്‍സ്ഫറില്‍ ഇരിങ്ങാലക്കുടയ്ക്ക് ഡ്രൈവര്‍മാരെ അനുവദിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ലഭിച്ചിട്ടില്ല.