കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍, മരങ്ങള്‍വീണ് വീടുകള്‍ തകര്‍ന്നു
ഇരിങ്ങാലക്കുട: മൂന്നുദിവസമായി പെയ്ത കാറ്റിലും മഴയിലും മരങ്ങള്‍വീണ് വീടുകള്‍ തകര്‍ന്നു. കരുവന്നൂര്‍, കാറളം, പൂമംഗലം, പടിയൂര്‍ പ്രദേശങ്ങളിലാണ് മരങ്ങള്‍വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പലയിടത്തും വൈദ്യുതി തടസപ്പെട്ടു. കനത്ത മഴയില്‍ പലയിടത്തും വെള്ളം കയറി. ഇന്നലെ ഉച്ചയോടെ മഴ കുറഞ്ഞതോടെയാണ് റോഡുകളില്‍നിന്നും മറ്റും വെള്ളം താഴ്ന്നത്. കാറളം കൊറ്റംകോട് പാലത്തിലെ തുറന്നിട്ടിരിക്കുന്ന ഷട്ടറുകള്‍ കോടായതിനെത്തുടര്ന്ന് ഉയര്‍ത്താന്‍ കഴിയാത്ത ബാക്കിയുള്ള ഷട്ടറുകള്‍ ഉയര്‍ത്താനുള്ള പ്രവൃത്തികള്‍ ഇന്നലെ ആരംഭിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് തുറക്കുന്നത്. മഴയിലും കാറ്റിലും പലയിടത്തും മരങ്ങള്‍ വീണ് നാശനഷ്ടം സംഭവിച്ചു.
ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ ചേലൂര്‍ കളത്തുംപടി പാലത്തിനു സമീപം കെഎസ്ഇയുടെ കിഴക്കേ ഗേറ്റിന് സമീപം മരം വീണു. കമ്പനിയിലെ ജീവനക്കാര്‍ മരം മുറിച്ചുനീക്കി. കരുവന്നൂര്‍ പുത്തന്‍വീട്ടില്‍ നാരായണന്റെ വീടിനുമുകളില്‍ രാത്രി പെയ്ത മഴയിലും കാറ്റിലും തേക്കുമരം വീണ് നാശനാഷ്ടം സംഭവിച്ചു. പൂമംഗലം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ എടക്കുളം വലിയവീട്ടില്‍ സുമേഷിന്റെ വീടിനു മുകളിലേക്ക് തൊട്ടടുത്ത വീട്ടുപറമ്പിലെ തേക്കുമരം വീണ് വീടിന്റെ മുന്‍വശം തകര്‍ന്നു. പടിയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ മടത്തിപ്പറമ്പില്‍ വീട്ടില്‍ അനില്‍കുമാറിന്റെ വീടിന്റെ മുകളിലേക്ക് സമീപത്തെ പറമ്പിലെ മരം വീണു. കാറളം പഞ്ചായത്ത് വാര്‍ഡ് ഒന്നില്‍ ചുള്ളിക്കാട്ടില്‍ ലാലുവിന്റെ ഓടിട്ട വീടിനു മുകളില്‍ മരംവീണ് വീടിന് കേടുപാട് സംഭവിച്ചു.
വാര്‍ഡ് ഒന്‍പതില്‍ കോര്ണാട്ട് ചന്ദ്രികയുടെ ഓടിട്ട വീടിനു മുകളില്‍ സമീപത്തെ പറമ്പില്നിന്നിരുന്ന പന വീണു. വാര്‍ഡ് 15ല്‍ വാക്കയില്‍ സുധാകരന്റെ ഓടിട്ട വീടിന് മുകളിലും മരം വീണു. മണപ്പെട്ടി ലളിതയുടെ ടെറസിന് മുകളിലേക്ക് മരക്കൊമ്പുവീണ് കേടുപറ്റി. കൊരുമ്പിശേരി നാണംതോട് റോഡില്‍ വൈദ്യുതി ലൈനിന് മുകളില്‍ മരം വീണ് വൈദ്യുതക്കാല് തകര്‍ന്നു. കമ്പി പൊട്ടിവീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള വൈദ്യുതി നിലച്ചു. തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു മുന്നില്‍ വലിയ ആല്‍മരം കടപുഴകി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അമ്പലത്തിന്റെ എതിര്‍ദിശയിലേക്കാണ് വീണത്. അതിനാല്‍ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
മുസാഫരിക്കുന്നില്‍ മണ്ണിടച്ചില്‍
കരൂപ്പടന്ന: മുസാഫരിക്കുന്നില്‍ കനത്ത മഴയുടെ ഭാഗമായുള്ള മണ്ണിടിച്ചിലില്‍ അടുക്കളയോടുചേര്‍ന്ന ഭാഗം തകര്‍ന്നു. കരൂപ്പടന്ന ടൗണ്പള്ളിക്ക് സമീപം എടവഴിക്കല്‍ സിറാജിന്റെ അടുക്കളയോടുചേര്‍ന്ന ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത്. രാവിലെ വലിയ ശബ്ദത്തോടെ മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് സിറാജ് പറഞ്ഞു. അടുക്കളയുടെ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഒരു ചെറിയ പ്ലാവും ഇതോടൊപ്പം കടപുഴകി വീടിനു മുകളിലേക്ക് വീണിട്ടുണ്ട്. വീടിനകത്തെ ചുമരിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വാര്‍ഡംഗം എം.എച്ച്. ബഷീര്‍, തെക്കുംകര വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്ത് അസി.എന്‍ജിനീയറോട് ആവശ്യപ്പെട്ടതായും അതിനു ശേഷം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും എം.എം. മുകേഷ് പറഞ്ഞു. വീടിനു മുകളില്‍നിന്ന് മണ്ണ് മാറ്റാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വാര്‍ഡംഗം എം.എച്ച്. ബഷീര്‍ പറഞ്ഞു.