വെള്ളക്കെട്ട് രൂക്ഷം; ദുരിതാശ്വാസ ക്യാമ്പ് തുറന്നു
ഇരിങ്ങാലക്കുട: തുടര്‍ച്ചയായ മഴയില്‍ കാറളം പഞ്ചായത്തില്‍ ആലുക്കക്കടവ്, ചെങ്ങാനിപ്പാടം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതോടെ കാറളം എഎല്‍പിഎസ് സ്കൂളില്‍ ക്യാമ്പ് ആരംഭിച്ചു. അഞ്ച് കുടുംബങ്ങളില്‍ നിന്നായി കുട്ടികള്‍ അടക്കം 16 പേരാണ് ക്യാമ്പില്‍ ഉള്ളത്. നാല് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാറളം നന്തിയിലെ ഐഎച്ച്ഡിപി കോളനിയും വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. കാറളത്ത് കഴിഞ്ഞ ദിവസങ്ങളിലായി മരങ്ങള്‍ വീണ് നാല് വീടുകള്‍ക്ക് ഭാഗിക നഷ്ടം സംഭവിച്ചിരുന്നു.
കാട്ടൂര്‍ പഞ്ചായത്തില്‍ ചെമ്പന്ച്ചാല് പ്രദേശം വെള്ളക്കെട്ടിന്റെ ആശങ്കയിലാണ്. ഇവിടെ ഒരു വീട്ടില്‍ വെള്ളം കയറിയിട്ടുണ്ട്. വാര്‍ഡ് രണ്ടില്‍ കരാഞ്ചിറ പ്രദേശത്ത് മരം വീണ് നായരുപറമ്പില്‍ ശശിയുടെ കടയ്ക്ക് നഷ്ടങ്ങള്‍ നേരിട്ടിരുന്നു. പടിയൂര്‍ പഞ്ചായത്തില്‍ മഠത്തിപറമ്പില്‍ അനില്‍കുമാറിന്റെ വീടിന് മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൂമംഗലം പഞ്ചായത്തില്‍ എടക്കുളം എലമ്പലക്കാട്ട് ക്ഷേത്രത്തിന് അടുത്ത് മൂന്ന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രണ്ട് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.