കരുവന്നൂര് പുഴ; ജലനിരപ്പും ആശങ്കയും കൂടുന്നു
ഇല്ലിക്കല് റെഗുലേറ്ററിലെ ഷട്ടറുകള് തുറക്കാന് വൈകിയതില് മന്ത്രിക്കു മുന്നില് പ്രതിഷേധവുമായി നാട്ടുക്കാര്
ഇരിങ്ങാലക്കുട: കരുവന്നൂര് പുഴയിലെ ജലനിരപ്പ് ഇന്നലെ അഞ്ച് മീറ്റര് വരെ ഉയര്ന്നു. ഈ വര്ഷത്തെ ഏറ്റവും ഉയര്ന്ന ജലനിരപ്പാണിത്. 2018 ല് ഏഴു മീറ്റര് വരയൊണ് പുഴയിലെ ജലനരപ്പ് ഉയര്ന്നത്. കലുഷിതമായ പുഴ പലയിടത്തും കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തുള്ള വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്ന്ന് അവര് ബന്ധു വീടുകളിലും ദുരിതശ്വാസ കേന്ദ്രങ്ങളിലേക്കും താമസം മാറ്റി. ഇന്നലെ രാവിലെ മന്ത്രി ഡോ. ആര് ബിന്ദു നടപടികള് നേരിട്ട് വിശകലനം ചെയ്യുന്നതിനായി ഇല്ലിക്കല് ഡാം പരിസരത്ത് സന്ദര്ശനം നടത്തി.
ഈ സമയം ഇല്ലിക്കല് റെഗുലേറ്ററിലെ ഷട്ടറുകള് തുറക്കാന് വൈകിയതില് പ്രതിഷേധവുമായി നാട്ടുക്കാര് പരാതിയുമായി മന്ത്രിക്കു മുമ്പിലെത്തി. മുന് നഗരസഭാ കൗണ്സിലര് കെ.കെ അബ്ദുള്ളക്കുട്ടി, ചേര്പ്പ് മുന് പഞ്ചായത്തംഗം കെ.ആര് സിദാര്ത്ഥന് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുക്കാര് പ്രതിഷേധവുമായി മന്ത്രിക്കു മുമ്പിലെത്തിയത്. പുഴയ്ക്കു കുറുകെയുള്ള ഇല്ലിക്കല് റെഗുലേറ്ററില് വലിയ മരത്തടികളും മാലിന്യങ്ങളും തടഞ്ഞ് കിടക്കുന്നത് നീക്കം ചെയ്യണമെന്നും റോഡിന്റെ ശോചനീയാവസ്ഥ ഉടന് പരിഹരിക്കണമെന്നും നാട്ടുക്കാര് ആവശ്യപ്പെട്ടു.
റെഗുലേറ്ററിന്റെ ഷട്ടറുകള് ഉദ്യോഗസ്ഥര് യഥാസമയം ഉയര്ത്താത്തതാണ് ഇത്തരം പ്രശ്നങ്ങള്ക്ക് കാരണമെന്നും മൂര്ക്കനാട് ബണ്ട് റോഡില് അപകടാവസ്ഥയിലുള്ള മരങ്ങള് അടിയന്തിരമായി മുറിച്ചുമാറ്റുന്നതിനുള്ള നടപടികള് സ്വീകരിക്കണമെന്നും പ്രദേശവാസികള് മന്ത്രിയോട് ആവശ്യപ്പെട്ടു. ഫയര്ഫോഴ്സിന്റെ നേതൃത്വത്തില് രാവിലെ മുതല് റെഗുലേറ്ററിലെ ഷട്ടറുകളില് തടഞ്ഞിരിക്കുന്ന മരത്തടികളും മാലിന്യങ്ങളും നീക്കം ചെയ്തു തുടങ്ങി.
ക്രെയിന് എത്തിച്ചാണ് വലിയ മരങ്ങള് നീക്കം ചെയ്യുന്നത്. ഷട്ടറുകള് പൂര്ണമായും ഉയര്ത്താത്തതാണ് മാലിന്യകൂമ്പാരം അടിഞ്ഞുകൂടാന് ഇടയാക്കിയത്. ഇതോടൊപ്പം വലിയ മരങ്ങള് ഒഴുകിയെത്തിയതോടെ ശോചനീയാവസ്ഥയിലുള്ള റെഗുലേറ്ററിന്റെ അവസ്ഥ കൂടുതല് അപകടത്തിലായി. ഇതേത്തുടര്ന്നാണ് അടിയന്തിരമായി മാലിന്യനീക്കം ആരംഭിച്ചത്. തകരാറിലായ ചില ഷട്ടറുകള് ഇപ്പോഴും ഉയര്ത്താന് സാധിച്ചിട്ടില്ല. ഇന്നും മാലിന്യ നീക്കം നടത്തും.