പ്രളയത്തിനു സമാനം; കരുവന്നൂര്‍ കൊക്കരിപള്ളം മേഖലയില്‍ 70 ഓളം വീടുകളില്‍ വെള്ളം കയറി

കരുവന്നൂര്‍ ബംഗ്ലാവിനു സമീപം കൊക്കരിപള്ളം പ്രദേശത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുക്കാര് സാധന സാമഗ്രഹികളുമായി വീടൊഴിഞ്ഞ് ക്യാമ്പിലേക്ക് മാറുന്നു.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബംഗ്ലാവിനു സമീപം കൊക്കരിപള്ളം പ്രദേശത്ത് 70 ഓളം വീടുകളില്‍ വെള്ളം കയറി. മുമ്പ് 2018 ലെ പ്രളയ സമയത്താണ് ഇതുപോലെ വെള്ളം കയറിയതെന്ന് വീട്ടുക്കാര് പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് വെള്ളം കയറി തുടങ്ങിയത്. വീടുകളിലേക്ക് വെള്ളം പെട്ടന്ന് ഇരച്ച് കയറുകയായിരുന്നു. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് വെള്ളം വീടുകളിലേക്ക് ഇരച്ചുകയറുന്നതിന് കാരണമായത്.

ഇലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ വീട്ടുക്കാര് സാധന സാമഗ്രഹികളും കൈകുഞ്ഞുങ്ങളുമായി ക്യാമ്പിലേക്ക് മാറുകയായിരുന്നു. റോഡില്‍ വെള്ളം ഉയര്‍ന്നതോടെ വഞ്ചിയിലാണ് പലരെയും വീടുകളില്‍ നിന്നും മാറ്റിയത്. പല്ലിശേരി സ്കൂളാണ് ഇവര്‍ക്ക് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ കൊക്കരിപള്ളം പാലത്തിനു നിരപ്പിനു വരെ വെള്ളം എത്തി.
