2018 ലെ പ്രളയ കാലത്തെ ജലനിരപ്പിലേക്ക് കരുവന്നൂര്‍ പുഴ
ഇരിങ്ങാലക്കുട: 2018 ലെ പ്രളയ കാലത്തില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവിലേക്ക് കരുവന്നൂര്‍ പുഴ എത്താന്‍ ഇനി രണ്ടു മീറ്റര്‍ മാത്രം വിത്യാസം. 2018 ല്‍ ഏഴു മീറ്റര്‍ വരെയാണ് പുഴയിലെ ജലനരപ്പ് ഉയര്‍ന്നത്. ഇന്നലെ അഞ്ചു മീറ്ററിനു മുകളില്‍ വരെയയെത്തി പുഴയിലെ ജല നിരപ്പ്. കലുഷിതമായ പുഴ പലയിടത്തും കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തുള്ള വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് അവര്‍ ബന്ധു വീടുകളിലും ദുരിതശ്വാസ കേന്ദ്രങ്ങളിലേക്കും താമസം മാറ്റി. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ റെഗുലേറ്ററിലെ ഷട്ടറുകളില്‍ തടഞ്ഞിരിക്കുന്ന മരത്തടികളും മാലിന്യങ്ങളും നീക്കം ചെയ്തു.
ക്രെയിന്‍ എത്തിച്ചാണ് വലിയ മരങ്ങള്‍ നീക്കം ചെയ്യുന്നത്. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് മരത്തടികള്‍ നീക്കം ചെയ്യുന്നത്. ഇന്നും മരത്തടികള്‍ നീക്കം ചെയ്യല്‍ നടക്കും. ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ രണ്ടു ഷട്ടറുകള്‍ ഇനിയും തുറക്കാനുണ്ട്. അതിന്റെ പണികള്‍ പുരോഗമിക്കുന്നുണ്ട്. രാവിലെ തന്നെ പോലീസ് എത്തി ഇല്ലിക്കല്‍ ഡാമിന്റെ ഇരുകവാടങ്ങളും അടച്ച് ശേഷമാണ് റെഗുലേറ്ററിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന പണികള്‍ നടത്തിയത്. ഇല്ലിക്കല്‍ ഡാമിന്റെ കൈവരി പാലത്തിലൂടെയുള്ള സഞ്ചാരം നിരോധിച്ചീട്ടുണ്ട്. പല ഷട്ടറുകളും അപകടാവസ്ഥയിലാണ്. ഷട്ടര്‍ ഉയര്‍ത്തുന്ന പണികള്‍ ഇന്നും തുടരും.