പടിയൂര്‍ വൈക്കം ക്ഷേത്രത്തില്‍ നിന്നും ഉരുളികള്‍ കവര്‍ന്ന ബംഗാള്‍ സ്വദേശികളായ ക്ഷേത്ര മോഷ്ടാക്കള്‍ പിടിയില്‍
ഇരിങ്ങാലക്കുട: പടിയൂര്‍ വൈക്കം ക്ഷേത്രത്തില്‍ നിന്നും 12000 രൂപ വില വരുന്ന ഉരുളികള്‍ കവര്‍ന്ന ബംഗാള്‍ സ്വദേശികളായ നടത്തിയ പ്രതികള്‍ അറസ്റ്റില്‍. ബംഗാള്‍ പര്‍ഖാന മണ്ഡല് ഗണ്ടിയില്‍ സാഗര്‍ഖാന്‍ (36) , മല്ലിക്ക്പൂര് സ്വദേശി മുഹമ്മദ് സഹദ് (18), ബിശ്വസ്പര സ്വദേശി റോണിഖാന് (34) എന്നിവരെയാണ് റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, ഡിവൈഎസ്പി കെ.ജി. സുരേഷ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സിഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ക്ഷേത്രവാതില്‍ പൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്.
ജനുവരി 21 ന് ആയിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആക്രി എടുക്കാന്‍ വരുന്ന ബംഗാള്‍ സ്വദേശികള്‍ ആണെന്ന് വ്യക്തമായിരുന്നു. മോഷണം നടത്തി ഉള്‍വഴികളിലൂടെ മോട്ടോര്‍ ഘടിപ്പിച്ച മുചക്ര സൈക്കിളിലൂടെ രക്ഷപ്പെടുന്നവരുമായ ഇവരെ പിടികൂടുന്നത് ദുഷ്കരമാണെന്ന് ബോധ്യപ്പെടുകയും, തുടര്‍ന്ന് ഇവര്‍ പോകാന്‍ സാധ്യതയുള്ള വഴികളില്‍ പോലീസ് നിരീക്ഷണം നടത്തി മതിലകം പള്ളിവളവിലൂടെ പടിയൂര്‍ ഭാഗത്തേക്ക് മറ്റൊരു മോഷണ ഉദ്ദേശവുമായി പോകുകയായിരുന്ന ഇവരെ വേഷം മാറി പോലീസ് പിന്തുടര്ന്ന് വളവനങ്ങാടി സെന്ററില്‍ വച്ച് പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തത്തില് ഇവരെ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നു പിന്തുണ നല്കി കളവ് മുതലുകള്‍ വില്ക്കാന് സഹായിക്കുന്ന രണ്ടു പേരെ കൂടി അസ്മാബി കോളജിനു സമീപത്ത് നിന്നും പിടികൂടി. ഇവര്‍ വിറ്റ തൊണ്ടി മുതലുകള്‍ പോലീസ് കണ്ടെടുത്തു. കുറച്ചു കാലങ്ങളായി പല സ്ഥലങ്ങളിലായി മോഷണം കൂടി വരുന്നതായി പോലീസ് ശ്രദ്ധയില്‍ പെട്ടിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ ബാബു, സനദ്, രാധാകൃഷ്ണന്, അസാദ്, ധനേഷ്, നിബിന്, ബിന്നല്‍, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു