അമൃത് പദ്ധതിയുമില്ല; സ്റ്റോപ്പുകളുമില്ല; നിരന്തരമായ അവഗണനയിലും വാഗ്ദാനലംഘനങ്ങളിലും പ്രതിഷേധം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാര്‍ പ്രക്ഷോഭത്തിലേക്ക്
ഇരിങ്ങാലക്കുട: വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ പ്രക്ഷോഭത്തിലേക്ക്. അമ്യത് പദ്ധതിയും കോവിഡ് കാലത്ത് നിറുത്തലാക്കിയ അഞ്ച് ട്രെയിനുകളുടെ പുനസ്ഥാപിക്കലും സംബന്ധിച്ച് അധികൃതര്‍ നല്കിയ ഉറപ്പുകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് റെയില്‍വേ പാസ്സഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമര പരിപാടികളിലേക്ക് നീങ്ങുന്നത്.
2023 മാര്‍ച്ച് 23 നാണ് റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് ഇരിങ്ങാലക്കുട സ്റ്റേഷനെ അമ്യത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കോഫീ ഷോപ്പിനായി ഉടന്‍ ടെണ്ടര്‍ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ സജീവമായി ഇടപെടുമെന്ന് തൃശൂര്‍ എം.പി. സുരേഷ് ഗോപിയും വ്യക്തമാക്കിയിരുന്നതായി അസോസിയേഷന് പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നു.
2024 ഡിസംബര്‍ വരെയുളള സമയം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നതായും അസോസിയേഷന് പറയുന്നു. കഴിഞ്ഞ ദിവസത്തെ കേന്ദ്രബഡ്ജറ്റിലും അമ്യത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന 35 സ്റ്റേഷനുകളുടെ പട്ടികയില്‍ ഇരിങ്ങാലക്കുട സ്ഥാനം പിടിച്ചിട്ടില്ല. ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ മൂന്ന് സ്റ്റേഷനുകള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള വസ്തുതയും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാം പാഴായ സാഹചര്യത്തിലാണ് സമരപരിപാടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
വിപുലമായ സമരപ്രഖ്യാപന കണ്വെന്ഷന് ഉടന്‍ വിളിച്ച് ചേര്‍ക്കാനും നിരന്തരമായ സമരപരിപാടികളിലേക്ക് നീങ്ങാനുമാണ് കല്ലേറ്റുംകര ഫാ. ആന്‍ഡ്രൂസ് ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യാത്രക്കാരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ രക്ഷാധികാരിയും ഐ.എന്‍. ബാബു, ബാബു തോമസ്, പി.സി. സുഭാഷ്, ടി.സി. അര്ജുനന് എന്നിവര്‍ ഭാരവാഹികളായും സമര പരിാടികള്ക്ക് രൂപം നല്കാന് കമ്മിറ്റിക്ക് യോഗം രൂപം നല്‍കിയിട്ടുണ്ട്.