കാട്ടുപ്പന്നി ശല്യം; പടിയൂരില്‍ കര്‍ഷകര്‍ക്കു ബോധവത്കരണ ക്ലാസുകളുമായി കൃഷി വകുപ്പ്, വിദഗ്ദസംഘം സന്ദര്‍ശിച്ചു
കൃഷിനാശം കാട്ടുപ്പന്നിശല്യംമൂലമാണെന്ന് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: കാട്ടുപ്പന്നി ശല്യത്തെ തുടര്‍ന്ന് കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് ബോധവത്കരണ ക്ലാസ് നടത്തി. കാട്ടുപ്പന്നിയെ എങ്ങിനെ തുരത്താം എന്നുള്ളതായിരുന്നു ക്ലാസിലെ പ്രധാന വിഷയം. പടിയൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ക്ലാസിന് മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. രഞ്ജിത്ത് നേതൃത്വം നല്കി. പടിയൂര്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്.
ചെട്ടിയാല്‍ മരോട്ടിക്കല്‍ ഭാഗത്ത് തെക്കേതലയ്ക്കല്‍ നീലാംബരന്‍, തെക്കേതലയ്ക്കല്‍ ബിന്ദു, എടച്ചാലി വേലായുധന്, മറ്റു പ്രദേശങ്ങളിലായി ഉണ്ണി മുളങ്ങില്‍, വനജ രാമകൃഷ്ണന്, മുഹമ്മദ് നമ്പിപുത്തിലത്ത്, സന്തോഷ് കുന്നത്ത്പറമ്പില്‍, ബാബുരാജ് എടച്ചാലി, സുരേഷ് കാരാഞ്ചേരി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം സംഭവിച്ചിരിക്കുന്നത്. ഇവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് കൃഷി നാശം സംഭവിച്ചയിടങ്ങളില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഇന്നലെ മണ്ണുത്തി സര്‍വ്വകലാശാലയില്‍ നിന്നും എത്തിയ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. രഞ്ജിത്തിന്റെ നേത്വത്തിലുള്ള സംഘവും കൃഷിനാശം സംഭവിച്ച ആറ് വാര്‍ഡുകളിലും പരിശോധന നടത്തി. പടിയൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ പി.എം. റുബീന, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.കെ. മായ, പഞ്ചായത്തംഗങ്ങളായ ബിജോയ് കളരിക്കല്‍, സുന്ദ ഉണ്ണികൃഷണന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൃഷിനാശം കാട്ടുപ്പന്നിയുടെ ആക്രമണമാണെന്ന് സംഘം സ്ഥിരീകരിച്ചു.
പറമ്പിലും പാടശേഖരത്തിലും കാട്ടുപ്പന്നിയുടെ കാല്പാടുകളുണ്ട്. കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലും, ചടതുപ്പു നിലങ്ങളിലും ഇവയുടെ കൂട്ടമായി വാസയോഗ്യമാക്കുവാന്‍ സാധ്യതയുണ്ട്. പടിയൂര്‍ നിലംപതി ഭാഗത്താണ് ആദ്യം ഇവയെ കണ്ടത്. പിന്നീട് എച്ച്ഡിപി സ്കൂള്‍ പരിസരത്തും ചെട്ടിയാല്‍ ഭാഗത്തും കണ്ടിരുന്നു. കാടുകയറിക്കിടക്കുന്ന പറമ്പുകളില്‍ തമ്പടിക്കുന്ന ഇവ രാത്രി ഇറങ്ങിയാണ് കൃഷി നശിപ്പിക്കുന്നത്. രാത്രി ജനവാസമേഖലയില്‍ ഇറങ്ങുന്ന ഇവ മനുഷ്യരെ ആക്രമിക്കുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. കപ്പ കൃഷിയും വാഴകൃഷിയും തെങ്ങിന് തൈകളും പാടേഖരത്തിലെ നെല്‍ കൃഷിയാണ് കാട്ടുപ്പന്നികള്‍ നശിപ്പിച്ചിരിക്കുന്നത്.