ഇത്തിരിവെട്ടത്തിലും അവര്‍ പഠിക്കുന്നു; നല്ല നാളേയ്ക്ക്, മികച്ച വിജയത്തിന്

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പ്ലസ് ടു വിദ്യാര്‍ഥികളുടെ രാത്രികാല പഠനക്ലാസ്.
രാത്രികാല- സായാഹ്ന പഠന ക്ലാസുകള്‍ സജീവം
ഇരിങ്ങാലക്കുട: വേനല്‍ചൂടിനൊപ്പം പരീക്ഷാ ചൂടും. പരീക്ഷാകാലം അടുത്തതോടെ രാത്രികാല സായാഹ്ന പഠന ക്ലാസുകള്‍ സ്കൂളുകളില്‍ സജീവമായി. വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും വിജയ സാധ്യത കൂട്ടാനും ലക്ഷ്യമിട്ടാണ് എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി രാത്രികാല ക്ലാസുകള്‍ ആരംഭിച്ചത്. അന്യം നിന്നുപോയ പഴയകാല ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തെ അനുസ്മരിക്കുന്ന വിധത്തിലാണു പല സ്കൂളുകളിലും ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്.
മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂള്‍, മാപ്രാണം ഹോളിക്രോസ് സ്കൂള്‍, നടവരമ്പ് ഗവ. ഹൈസ്കൂള്‍, അവിട്ടത്തൂര്‍ എല്‍ബിഎസ്എം, എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂള്‍ എന്നിവിടങ്ങളിലാണു പഠന ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. പഠനനിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി ഏറെ പുതുമയാര്‍ന്ന ഈ പദ്ധതി വിദ്യാര്‍ഥികളില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. നൂറു ശതമാനം വിജയം നേടുക എന്നുള്ളതിനുപരി എല്ലാ വിദ്യാര്‍ഥിള്‍ക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുവാന്‍ ഇത് ഏറെ സഹായകരമാകും.
ഓരോ പാഠ്യ വിഷയത്തിനും കൃത്യമായ സമയക്രമീകരണം നല്‍കുന്നതോടൊപ്പം വിനോദത്തിനും വിശ്രമത്തിനും പ്രത്യേകം സമയം നീക്കിവെച്ചിട്ടുണ്ട്. പരീക്ഷ അവസാനിക്കുന്നതുവരെ ഇത്തരത്തിലുള്ള ക്ലാസുകള്‍ തുടരും. പരീക്ഷാഭയം ഒഴിവാക്കുന്നതിനും സമ്മര്‍ദങ്ങളെ അതിജീവിച്ച് ആത്മവിശ്വാസം കൈവരിക്കുവാനും ഇതോടൊപ്പം കുട്ടികളെ പ്രാപ്തമാക്കുന്നുണ്ട്. കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ മനസിലാക്കി അധ്യാപകര്‍ കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധിക്കുന്നുണ്ട്.
കൗണ്‍സിലിംഗ് ക്ലാസുകളും പ്രത്യേക പരീക്ഷകളും നടത്തുന്നുണ്ട്. രാത്രി വീടുകളില്‍ ഇരുന്ന് പഠിക്കുന്നതിനേക്കാളും നന്നായി പഠിക്കാന്‍ ഇത് ഏറെ സൗകര്യപ്രദമാണ്. ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ സാന്നിധ്യത്തില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ തീര്‍ക്കാനും സാധിക്കുന്നുണ്ട്. ലഘുഭക്ഷണം തയ്യാറാക്കി സ്കൂള്‍ പിടിഎകളും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താങ്ങായി കൂടെയുണ്ട്.
